Saturday, January 21, 2006

പലായദ്ധ്വം പലായദ്ധ്വം..

(ഈ കഥ നടക്കുന്നത്‌ എന്റെ കോളെജില്‍ അല്ല. സംശയം ഉള്ളവര്‍ക്ക്‌ ചരിത്ര രേഖകള്‍ പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണു.)

കാലം- ഒരോണക്കാലം. ദേശം- ഏകദേശം ദേശിങ്ങനാട്‌ . കൊല്ലിനും കൊലക്കും പേരുകേട്ട രാവണന്‍ കോട്ടയെ അടക്കിവാണിരുന്ന വാണിജ്യ വിഭാഗത്തിന്റെ നായകന്‍ സമരവീരകുമാരനെ രാവിലെ ചൂടുള്ള വാര്‍ത്ത തേടിയെത്തുന്നിടത്തു നിന്നും നമുക്കു കഥ തുടങ്ങാം.

സംഗതി ഇങ്ങനെ ആണ്‌. ഓണാഘോഷത്തിന്റെ ഭാഗമായി ആ വര്‍ഷം അത്തപ്പൂക്കള മത്സരം നടത്തുന്നു. ഡിപ്പാര്‍ട്ടുമെന്റ്‌തിരിച്ചു നടത്തുന്ന മത്സരത്തില്‍ ഏറ്റവും നല്ല പൂക്കളത്തിനു സമ്മാനം. അങ്ങനെ ചുമ്മാ അങ്ങു പറഞ്ഞാല്‍ പോരാ. ഓണാഘോഷം കാണാന്‍ കോളെജില്‍ എത്തുന്ന ജില്ലാ കളക്റ്റര്‍ എല്ലാ പൂക്കളവും കണ്ട്‌ എറ്റവും നല്ലതിനെ തിരഞ്ഞെടുത്ത്‌ സമ്മാനം കൊടുക്കുന്നു. സമ്മാനം ഒരു പരട്ട റ്റ്രോഫിയൊ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ഓട്ടുമൊന്തയോ എന്തെങ്കിലും ആയിരിക്കും- അതാര്‍ക്കു വേണം- ബഹു. ജില്ലാ കളക്റ്റര്‍ ആണു സമ്മാനദാതാവ്‌. പത്രങ്ങളില്‍ ഒരു ഫോട്ടൊ ഉറപ്പ്‌.ഡിപ്പാര്‍ട്ടുമെന്റിന്റെ മാനം കാക്കണം. പൂര്‍വ്വികരായി കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുത്ത മാനത്തില്‍ ഒരു കൊച്ചു ഭാഗമേ മിച്ചമുള്ളു-അതില്‍ നിന്നും ഒരിഞ്ചു പോലും വിട്ടുകൊടുക്കില്ല.

ആദ്യമായി വേണ്ടതു പിന്‍ തുണ ആണ്‌. ഒരു
തിരഞ്ഞെടുപ്പോ അടിപിടി ഭീഷണിയൊ മുന്നില്‍ കണ്ടാല്‍ ഒന്നിക്കും എന്നല്ലാതെ വാണിജ്യ"പൂജ്യ"ര്ക്ക്‌ ഒരുമിച്ചൊരു അഭിപ്രായം ഉണ്ടാകാറില്ല. പൂക്കള പ്രോജെക്റ്റിനു പങ്കാളിത്തം അഭ്യര്‍ത്ഥിച്ചാല്‍ പെണ്‍ വര്‍ഗ്ഗം സമ്മതിക്കുമെന്നു ഉറപ്പുണ്ട്‌. സെറ്റും മുണ്ടും ഉടുത്ത്‌ കളക്റ്ററോടൊത്ത്‌ ഫോട്ടൊ എടുക്കാന്‍ കിട്ടുന്ന അവസരമല്ലേ. പെണ്‍ പിന്‍ബലം മാത്രം പോരല്ലോ, ക്ലാസ്സിന്റെ ഭൂരിപക്ഷം ആണ്‍കുട്ടികളാണ്‌ അവര്‍ വേണം സംഘാടകരായി. കോണ്‍ഗ്രസ്സില്‍ ഉള്ളതിനേക്കാള്‍ ഗ്രൂപ്പുകള്‍ ഉണ്ടു വാണിജ്യ പുംകേസരികളുടെ സഖ്യത്തിന്‌.കാര്യം കാണാന്‍ അസംഖ്യം കഴുതകളുടെ കാലുകള്‍ പിടിക്കുക തന്നെ.

"ഓണത്തിനുപോലും കോരനു കുമ്പിളില്‍ കഞ്ഞിനിറയാത്ത ഈ കാലത്ത്‌ മാനുഷരെല്ലാം ഒന്നുപോലെ വാണ കാലത്തിന്റെ ഓര്‍മ്മ കരിദിനമായി ആചരിക്കേണ്ടതാണ്‌". ഇടതുപക്ഷം പറഞ്ഞു. "എങ്കിലും ഒരു ആഘോഷമായ സ്ഥിതിക്കു ഞങ്ങളും കൂടാം, പക്ഷേ ഒരു കണ്ടീഷനുണ്ട്‌. പൂക്കളത്തില്‍ വെറുതെ ചതുരവും ത്രികോണവും ഒന്നും പോരാ. ഒരു രക്ത്സാക്ഷിയുടെ ചിത്രം ആയിരിക്കണം അതിന്റെ ഡിസൈന്‍ "

"സമ്മതിച്ചിരിക്കുന്നു. സ്വന്തം വാക്കു പാലിക്കാന്‍ ജീവന്‍ ത്യജിച്ച ഒരു രക്തസാക്ഷിയുടെ ചിത്രം ആയിരിക്കും നമ്മളുടെ പൂക്കളം" സമരവീരവ്യാഘ്രം പ്രഖ്യപിച്ചു.

"ആരാണദ്ദേഹം?"
"ശ്രീമാന്‍ മഹാബലി"

ചെത്തുപിള്ളേര്‍ വിളിക്കാതെ
തന്നെ കൂടെ കൂടി, മഹിളാമണികള്‍ കസവുടുത്തു ഒരുങ്ങി വരുന്ന വിരുന്നല്ലേ..ഇങ്ങനെ സഖ്യസേന വളര്‍ന്നു. പൂക്കളം ഉണ്ടാക്കുന്നതില്‍ അല്ല ചോരക്കളം ഉണ്ടാക്കുന്നതിലാണു താല്‍പ്പര്യം എന്നു പറഞ്ഞ ഏക നക്സലൈറ്റ്‌ അംഗത്തെയും,ഓണപ്പാട്ട്‌ തങ്ങള്‍ പാടാന്‍ സമ്മതിച്ചാലേ പങ്കെടുക്കു എന്നു വാശി പിടിച്ച ഞങ്ങളുടെ ഹൌസ്‌ ബാന്റിനെയും പുറന്തള്ളി ആഘോഷക്കമ്മിറ്റി നിര്‍മ്മണം പൂര്‍ത്തിയാക്കി.

അടുത്തതു ധനശേഖരണം. ഒരു ആറായിരം രൂപയെങ്കിലും വേണം.
"കോണോം വിറ്റും ഓണം ഉണ്ണണം എന്നല്ലേ, ഉള്ളതൊക്കെ എല്ലാരും നുള്ളിപ്പെറുക്കി കൊണ്ടുവരിന്‍" ഒരു ദുരഭിമാനി പറഞ്ഞു.

"കോണകമല്ലെടാ വിവരദോഷി, കാണം" സാഹിത്യകാരന്‍ പറഞ്ഞു.

"എന്തോന്നാടാ അത്‌?"

"അതെന്തെങ്കിലും ആകട്ടെ തല്‍ക്കാലം നമ്മളു കൂട്ടിയാല്‍ കൂടില്ല ഇത്രയും ചിക്കിലി, പിരിക്കാം" സമരവീരന്‍ ഒരു നേതാവിന്റെ ദാര്‍ഢ്യതോടെ പറഞ്ഞു.

പിരിച്ചു. റോഡില്‍ ഇറങ്ങി വെയിലുകൊണ്ടു കഷ്ടപ്പെട്ടു. പാവപ്പെട്ടവന്റെയും വിദ്യാര്‍ഥികളുടെയും പോക്കട്ടില്‍ കയ്യിടേണ്ടതില്ലെന്ന്‌ ഒരു പൊതു തീരുമാനതിന്റെ അടിസ്ഥാനതില്‍ കാറുമായി വരുന്നവരെ മാത്രം തടഞ്ഞു നിര്‍ത്തി സാമദാനഭേദങ്ങള്‍ പ്രയോഗിച്ചു. മൂന്നു ദിവസം കൊണ്ടു 5000 രൂപയോളം പിരിഞ്ഞു കിട്ടി.


തോവാളയില്‍ നിന്നും പൂക്കള്‍ വാങ്ങുന്ന ഏജെന്റിനെ നെരിട്ടു കണ്ടു
പൂക്കള്‍ ഇടപാടാക്കി.

അനിഴം നാള്‍. ഉച്ചക്കു 2 മണിക്കു പൂക്കളം കാണാന്‍ അതിഥികള്‍ എത്തും. രാവിലെ അഞ്ചു മണിക്കു തന്നെ എത്തി. ഇത്രയും ആളുകള്‍ കൂടാന്‍ സൌകര്യംം ഡിപ്പാര്‍ട്ട്മെന്റില്‍ ഒരിടത്തും ഇല്ല. പഴയ ബോട്ടണി വിഭാഗത്തിന്റെ വലിയൊരു ഹാള്‍ ആരും ഉപയോഗിക്കാതെ കിടപ്പുണ്ട്‌. അവിടം അടിച്ചു വാരി വൃത്തിയാക്കി. ചിത്രകാരന്‍ തറയില്‍ ഔട്ട്‌ ലൈന്‍ വരച്ചു.12 മണിയായപ്പോഴേക്കും സുന്ദരന്‍ മാവേലി ഡിസൈനില്‍ പൂക്കളം റെഡി. ഇടക്കു മറ്റുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍ സന്ദര്‍ശിച്ചവര്‍ ഒന്നാം സമ്മാനം കിട്ടുമെന്ന ഉറപ്പുമായി തിരിചു വന്നു.ആസ്ഥാന കുടിയന്മാര്‍ ഇടുപ്പില്‍ നിന്നും കുപ്പി ഊരി ഒരോ കവിള്‍ വീശി ഓണാഘോഷം തുടങ്ങിയതായി പ്രഖ്യാപിച്ചു.

3 മണിക്കു കളക്റ്റര്‍ എത്തി. പൂക്കളങ്ങളുടെ വിധികര്‍ത്താവിനെ ബഹുമാനം മുഖത്തുവരുത്തി പൂച്ചെണ്ടുകൊടുത്ത്‌ വാണിജ്യര്‍ സ്വീകരിച്ചു. പൂക്കളത്തിനു മുന്നിലെ ആട്ടവിളക്കിനോളം പോന്ന നിലവിളക്കു കൊളുത്തി അദ്ദേഹം ഉത്ഘാടനം നിര്‍വ്വഹിച്ചു. ബഹു. ജില്ലാ കളക്റ്റര്‍ക്ക്‌ നന്ദി പറയാനും ഒപ്പം ഫോട്ടൊ എടുക്കാനും സമരവീരന്‍ മൈക്കിനടുത്തെക്കു നീങ്ങി. ഒരു നിമിഷം വല്ലാത്ത ഒരു നിശബ്ദതയായിരുന്നെന്നു തോന്നുന്നു. പിന്നെ മഴ അലച്ചുവരുന്നപോലെ ഒരു ആരവം. ആരോ "കടന്നല്‍" എന്നലറി. ഒറ്റയടിക്ക്‌ എല്ലവാരും ഇടനാഴിയില്‍. ഇരച്ചു വരുന്ന
കടന്നല്‍കൂട്ടത്തില്‍ നിന്നും രക്ഷപെടാന്‍ കണ്ടവഴി ഓടിയ കൂട്ടത്തില്‍ എന്തൊക്കെ പറഞ്ഞെന്നും എന്തൊക്കെ ചെയ്തെന്നും ആര്‍ക്കും ഇന്നും നിശ്ചയമില്ല.

പൂക്കളം ഒരുക്കിയതിനു നേരെ മുകളില്‍ ഒരു കടന്നല്‍ കൂട്‌ ഉണ്ടായിരുന്നെന്നും കളക്റ്റര്‍ കൊളുത്തിയ വിളക്കിന്റേയും സാമ്പ്രാണിയുടെയും പുക ഏറ്റ്‌ അവ ഇളകിയതാണെന്നും പിന്നെ അറിഞ്ഞു. കോണിപ്പടിയിലെ തിരക്കില്‍ പെട്ട്‌ കളക്ടറും കൂടെവന്ന പോലിസുകാരനും ചമ്മന്തിയായെന്നും ഒരു വാര്‍ത്ത ഉണ്ടെങ്കിലും അതത്ര വിശ്വസനീയമല്ല. ഏതായാലും സമ്മാനം കിട്ടുകയോ പത്രത്തില്‍ പടം വരുകയോ ചെയ്തില്ലെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

വാല്‍ക്കഷണം:
*********************
ഓടി കോണി ഇറങ്ങി വന്ന ഒരാളിനോട്‌ പ്രൊഫസര്‍:
"എന്താടൊ മുകളില്‍?"
"കടന്നല്‍ കുത്തി സാര്‍!"
"ഒന്നു തെളിച്ചു പറയടോ. ആരാണു കടന്നല്‍? അവന്‍ ആരെയാ കുത്തിയത്‌?"
" എന്റെ സാറേ കടന്നല്‍ ആരുടേം ഇരട്ടപ്പേരല്ല. കടന്നല്‍പ്പറ്റം ഇളകി എല്ലാരെയും ഓടിച്ചൂു‍ എന്ന്‌"

***********
"എന്താ കുട്ടീ മുകളില്‍ ഒരു ബഹളം?"
"നമ്മുടെ വണ്ടിക്കുതിര ജാസ്മിന്‍ ഇല്ലേ റ്റീച്ചറെ, അവള്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്നതു കണ്ട്‌ സഹിക്കാന്‍ വയ്യാതെ കളക്ടര്‍ അവളെ കയറി പിടിച്ചു!"
"ഭഗവാനേ, എന്നിട്ടോ?"
"ജയേഷ്‌ കത്തിയൂരി അയാളെ കുത്തി!"
"എന്റെ ദൈവമേ, എന്താ ഞാനീ കേള്‍ക്കണെ"
**********************
Originally published on 1/9/2003 @ malayalavedhi
http://www.malayalavedhi.com/wbboard/thread.php?threadid=1111&boardid=39&styleid=2
and republished as a comment in this blog earlier, now converted to a post..

2 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

കടന്നൽ കുത്തും..
വ്യാഖ്യാനിക്കപ്പെട്ട കുത്തും കൊള്ളാം ദേവാ..
പൂക്കള മത്സരത്തിന്‌ സഖ്യ സേനയുണ്ടാക്കാൻ എളുപ്പമായിരുന്നു ...
ദേവൻ പറഞ്ഞ അതേ കാരണങ്ങൾ തന്നെ..!

January 23, 2006 9:09 PM  
Blogger Kalesh Kumar said...

കിടിലം കിടിലം!!!
:))

February 07, 2006 12:56 AM  

Post a Comment

<< Home