Tuesday, February 14, 2006

മദ്യപാനം കുടിക്കരുത്

ഈശോയ്ക്കു ഈശോ എന്ന പേരു വീഴുന്നതിനു മുമ്പുള്ള കാലം. (ഈശോയെ ഈശോ എന്നു വിളിച്ചു തുടങ്ങിയില്ല എന്നുവെച്ച്‌ ഈശോ ഈശൊ അല്ലാതാവുന്നില്ലല്ലോ...അതുകൊണ്ട്‌ നമുക്ക്‌ പേരു വീഴുന്നതിനു മുമ്പുള്ള ഈശോയെയും ഈശോ എന്നു തന്നെ വിളിക്കാം)... ഈശോ സിവിൽ എഞ്ചിനീയറിംഗ്‌ ക്ലാസിൽ സാക്ഷാൽ ശ്രീക്രിഷ്ണനെപ്പോലെ മദിച്ചു വാഴുന്ന സമയം. സിവിലിൽ അഡ്‌മിഷൻ കിട്ടുന്നത്‌ മുജ്ജന്മ സുക്രുതം കൊണ്ടാണെന്നു ഞങ്ങളൊക്കെ വിശ്വസിച്ചിരുന്നു. 110 പെൺകൊടികളും 10 ആണുങ്ങളും മാത്രമുള്ള സുരഭില സുന്ദര സംത്രുപ്ത ലോകം...

ആദ്യമൊക്കെ വലി-കുടി-പിടി ദു:ശീലങ്ങളൊന്നുമില്ലാത്ത ഈശോ പെൺകുട്ടികളുടെയൊക്കെ പ്രിയതോഴനായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കൂടെയുള്ള പിശാചുക്കളുടെ ഒക്കെ പ്രേരണമൂലം ഈശൊ എല്ലാം ഒന്നു ട്രൈ ചെയ്തു നോക്കാൻ തീരുമാനിക്കുന്നത്‌. ഈശോയുടെ ജനപ്രീതിയിൽ അസൂയയുണ്ടായിരുന്ന ചില കൂട്ടുകാർ ഈശൊ പുകവലി തുടങ്ങിയ കാര്യം കൈയ്യോടെ പെൺകുട്ടികൾടെ ചെവിയിലെത്തിച്ചു. നാരിമാരെല്ലാരുംകൂടി ഈശോയെ വളഞ്ഞു.

നാരിമാർ: “ദു:ശീലങ്ങളൊക്കെ തുടങ്ങി എന്നു ഞങ്ങളറിഞ്ഞു. മോശമായിപ്പോയി”
ഈശോ: “അത്‌...ഞാൻ... അല്ല... വന്നിട്ട്‌..പോയിട്ട്‌...”
നാരിമാർ: “ആട്ടെ, ഏതാ ബ്രാൻഡ്‌?”
ഈശോ: “അങ്ങനെയൊന്നുമില്ല... OCR-ഓ ഹെർകുലീസോ”

അങ്ങനെ വലിമാത്രം തുടങ്ങി എന്നറിഞ്ഞിരുന്ന പെൺകൊടികളെല്ലാം കുടിയുടെ വാർത്തകൾ കൂടി കേട്ട്‌ ഞെട്ടി. :-)

ഇനി ഈശൊ ഈശോയായ കഥ:
മേൽപ്പറഞ്ഞ പ്രകാരും ഈശൊ ഒരു മദ്യപാനം കുടിയനായി. അതുവരെ കുടിക്കാത്തതിന്റെ ആക്രാന്തം കാരണം കിട്ടിയ ചാൻസിനെല്ലാം ഈശോ മത്സരിച്ചു കുടിച്ചു. എന്നാലും ഒരു പെഗ്ഗിനു മുകളിലോട്ടു കുടിക്കാനുള്ള ഭാഗ്യം ഈശോയ്ക്ക്‌ വളരെ അപൂർവ്വമായെ കിട്ടിയിരുന്നുള്ളു. ഒറ്റ പെഗ്ഗിൽ തന്നെ ഔട്ടായി, കുറെ ഇൻഗ്ലീഷും പറഞ്ഞു കിടന്നുറങ്ങാനായിരുന്നു എന്നും ഈശൊയുടെ വിധി. പിറ്റെ ദിവസം രാവിലെ ഹാങ്‌ഓവർ, തലവേദന, ബഹളം....

അങ്ങനെയിരിക്കുമ്പോൾ ഹോസ്റ്റലിലെ ബക്കറ്റ്‌ പാർട്ടിയുടെ സമയമായി. ആ പരിസരത്തെ ബാറുകളിലും സിവിൽ സപ്ലൈസ്‌ ഔട്ട്‌ലെറ്റുകളിലും കിട്ടുന്ന എല്ലാ മദ്യവും ഓരോ കുപ്പി വീതം വാങ്ങി ഒരു ബക്കറ്റിൽ നിറയ്ക്കും. എന്നിട്ടു മുക്കിമുക്കി അടിക്കും. എത്ര വലിയ കുടിയനാണെങ്കിലും ഒരു മൂന്നെണ്ണത്തിൽ കൂടുതലൊന്നും ആ ‘വെട്ടിരുമ്പ്‌‘ സാധനം കുടിക്കാൻ പറ്റില്ല. അത്തവണത്തെ പാർട്ടി ഒരു വെള്ളിയാഴ്ച രാത്രിയായിരുന്നു. കിട്ടിയ ചാൻസ് പാഴാക്കാതെ ഈശോയും മുക്കിയടിച്ചു. ഒരു ആവേശത്തിന്റെ പുറത്ത്‌ ഈശൊ നാലെണ്ണം കേറ്റി. ശേഷം വെട്ടിയിട്ട പനപോലെ ഭൂമിക്കു സമാന്തരമായി നിലംപതിച്ചു. കൂട്ടുകാർ താങ്ങിപ്പിടിച്ച്‌ കട്ടിലിലെത്തിച്ചു.

ഈശൊ കണ്ണൂതുറന്നപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. ചാടിയെണീറ്റ്‌ സമയം നോക്കി. 8 മണി ആയതേയുള്ളു. ഈശോയ്ക്കു സന്തോഷം അടക്കാൻ പറ്റുന്നില്ല. ‘വെട്ടിരുമ്പ്‌‘ നാലു ഗ്ലാസ്‌ കയറ്റിയിട്ട്‌ പിറ്റേ ദിവസം ഹാങ്‌ഓവർ ഇല്ല, തലവേദന ഇല്ല. അതിരാവിലെ എണീറ്റ്‌ കുട്ടപ്പനായി നിൽക്കുന്നു. സന്തോഷം കൊണ്ട്‌ ഇരിക്കാൻ പറ്റുന്നില്ല എന്ന സ്റ്റേജിലെത്തിയ ഈശോ ഓടി ആസ്താനകുടിയന്മാരുടെ ഒക്കെ മുന്നിലെത്തി ഞെളിഞ്ഞു നിന്ന്‌ ഇങ്ങനെ പ്രഖ്യാപിച്ചു, “ഡേയ്‌... നീയൊക്കെ ഇന്നലെ ഒന്നും രണ്ടും ഒക്കെ അടിച്ചു വാളായി വീലായി നിർത്തിപ്പോയല്ലോ... കണ്ടോ... എന്നെ കണ്ടോ, നാലെണ്ണം... എന്നിട്ടിതാ പിറ്റേദിവസം രാവിലെ പുൽപ്പയറു പോലെ നിൽക്കുന്നു. മോനെ, ഇനി ഞാനാണു ടാങ്ക്‌.” ഇതു കേട്ട കൂട്ടുകാർ എല്ലാവരും എന്തിനാണു വയറുപൊത്തി നിലത്തു വീണു കിടന്നു ചിരിക്കുന്നതെന്ന്‌ ഈശോയ്ക്കു അപ്പോൾ മനസിലായില്ല...

സംഭവം, വെട്ടിരുമ്പ്‌ വെള്ളിയാഴ്ച അടിച്ച ഈശോ പിറ്റേദിവസം മുഴുവൻ ഉറങ്ങിയിട്ട്‌ ഞായറാഴ്ച രാവിലെ എണീറ്റാണ് മേൽപ്പറഞ്ഞ വീരവാദങ്ങൾ മുഴക്കിയത്‌. ;-). അങ്ങനെയാണ് കേരളം ഉണ്ടായത്‌...അല്ല...സോറി...വെട്ടിരുമ്പടിച്ച്‌ ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം ‘ഉയർത്തെഴുന്നേറ്റ’ ഈശൊയ്ക്ക്‌ ഈശൊ എന്ന പേരു വീണത്‌.

10 Comments:

Blogger Kalesh Kumar said...

കൊള്ളാം!

February 15, 2006 1:32 AM  
Blogger അരവിന്ദ് :: aravind said...

:-))
തകര്‍പ്പന്‍...കഥ കലക്കി ആദിത്യാ! ഹി ഹി.

ഇന്നലെ ശരിക്കും വെട്ടിരുമ്പ് പോലെയുള്ള ഒന്നടിച്ചു..”Iron Brew" എന്നന്നെ പേര്. ത്രിശങ്കു സ്വര്‍ഗ്ഗം കണ്ടെന്റമ്മോ!

February 15, 2006 1:41 AM  
Blogger ചില നേരത്ത്.. said...

ആദിത്യാ..
തകര്‍പ്പന്‍ കഥ!!
ഇത്തരത്തിലൊരുത്തന്‍ എന്റെ സഹപാഠിയായിരുന്നു. വളിപ്പ് വിറ്റുകളും ആനത്തൊലിയും അവനെയും പെണ്‍പിള്ളാരുടെയില്‍ ഹീറോ ആക്കി. ലാബുള്ള ദിനങ്ങളൊന്നില്‍ ബീഡിയില മാറ്റി ഗ്രാസ്സ് കയറ്റി വിദ്വാന് വലിക്കാന്‍ കൊടുത്തു. മേഘകെട്ടിലെ ഗന്ധര്‍വ്വന്മാരുടെ കഥ പറയാന്‍ ലാബിലെ പെണ്‍കുട്ടികള്‍ക്കിടയിലേക്ക് തള്ളി വിട്ട് ഞങ്ങള്‍‘ആനന്ദ മാര്‍ഗ്ഗികളായി’. പിറ്റേ ദിവസം നോട്ടീസ് ബോര്‍ഡില്‍ ആനന്ദമാര്‍ഗ്ഗികളെ പുറത്താക്കിയതായി വാര്‍ത്ത പതിച്ചിരുന്നു. പുളി കലക്കിയ വെള്ളം കുടിച്ചാല്‍ കെട്ടിറങ്ങുമെന്ന് ആരറിഞ്ഞു?
ആദിത്യാ ക്യാമ്പസ് കഥകള്‍ ഇങ്ങിനെ പറയിക്കല്ലേ..

February 15, 2006 2:10 AM  
Blogger Visala Manaskan said...

സൂപ്പറായിട്ടുണ്ട്‌ ചുള്ളാ..

February 15, 2006 2:17 AM  
Blogger രാജ് said...

ഡെയ്‌സണ്‍ ബോട്ടേല്‍ കേറി. ഞാനും ബോട്ടേല്‍ കേറി.

ഡെയ്‌സണ്‍ അമറുന്നു: ഡാ ശവി ബോട്ടിലെടുത്തില്ലേ?

ഞാന്‍ (സെവനപ്പിന്റെ കുപ്പി പൊക്കിപ്പിടിച്ചുകൊണ്ടു്): ഉവ്വു!

പ്രൊ.കുരിയംകണ്ടത്തു്: ഡോ എന്താടോ തനിക്കിത്ര ദാഹം.

ഡെ: ദ്‌ദെന്തൂട്ടു പറയാനാ, ഈ ബോട്ടു ചവിട്ട്യാ പെട്ടെന്നു ടയേഡാവും.

പ്രൊ.കൂടെയുള്ളതു് (പേരു ഞാനോര്‍ക്കുന്നില്ല): ഡെയ്‌സാ ബോട്ടടിച്ചോണ്ട് പാവറട്ടീല്‍ക്ക് പോവല്ലേട്ടോ!

അങ്കം കണ്ടുനിന്നിരുന്ന ഒരു ബാലിക, അവളുടെ പേര് അനഘ (സുന്ദരമായ പേര്, കൊച്ചിന്റെ അപ്പന്‍ സ്പെക്ട്രോസ്കോപ്പി പഠിപ്പിച്ചിരുന്ന ഗെഡി): പപ്പാ, ഞാനും ഡെയ്‌സണ്‍ ചേട്ടന്റെ കൂഡെ പോകണം.

ഡെയ്‌സണ്‍ കൊച്ചിനോട് നിശബ്ദമായി യാചിക്കുന്നു: മകളെ അരുതേ!

ഞാന്‍ (കണ്ണുരുട്ടുന്നു): മകളെ അരുതേ!

പ്രൊ.സ്പെക്ട്രോസ്കോപ്പി: ഡെയ്‌സാ നീ കൊച്ചിനേക്കൂടി കൊണ്ടോയെന്നേ.

ചുറ്റും നിന്നിരുന്ന സഹപാഠി പാരകള്‍ (ആക്ഷന്‍): കൊച്ചിനെയെടുത്തു വള്ളത്തേല്‍ കേറ്റുന്നു.

പ്രൊ.അപ്പന്‍, മറ്റു പ്രൊ., പാര സഹപാഠികള്‍ (ആക്ഷനോടു കൂടെ അമറുന്നു): റ്റാറ്റ.

ഞാന്‍ (ആത്മഗതം): പണ്ടാറടങ്ങാന്‍ എന്തൂട്ട് തണ്‍‌പ്പാണിസ്റ്റാ ലേക്കിന്റെ സെന്ററില്‍. ഡെയ്‌സാ ആ വെള്ളം ത്തിരി തന്നേ.

ഞാനും ഡെയ്‌സണും തണുപ്പുമാറ്റാന്‍ വെള്ളം കുടിക്കുന്നു. അങ്കം കണ്ടിരുന്ന അനഘക്കൊച്ചു അലറുന്നു: എനിക്ക് ദാഹിക്കുണൂ!

കൊച്ചിന്റെയൊരു ദാഹം, കൊച്ചേ കൊച്ചറിയുന്നില്ലല്ലോ ഇതു ദാഹം മാറ്റുന്ന വെള്ളമല്ലേന്നു്.

കൊച്ചറിയുന്നില്ല, അതോണ്ടു കൊച്ചുവീണ്ടും ദാഹം ദാഹം എന്നു പറയുന്നു.

ഡെ: ഇന്യെന്തൂട്ടാ ചെയ്യാ ശവീ.

ഞാന്‍ കണ്ണുകൊണ്ടു ആക്ഷനിടുന്നു, ഡെയ്‌സണ്‍ സ്പെയര്‍ കുപ്പി മുക്കുന്നു, ഊട്ടിയിലെ വെള്ളവുമായി പൊങ്ങുന്നു. അനഘയുടെ ദാഹം മാറ്റുന്നു. കളറുള്ള വെള്ളം വേണമെന്നു കൊച്ചു പറഞ്ഞില്ല, ഭാഗ്യം.

ഗുരുപുത്രി അനഘേ (നിന്റെ നാമം വാഴ്‌ത്തപ്പെടട്ടെ) നീ പാപികളായ ഞങ്ങളോടു ഈ വൈകിയ വേളയില്‍ ക്ഷമിക്കുക.

February 15, 2006 2:36 AM  
Blogger aneel kumar said...

:)
കേമ്പസില്‍ പോവാത്തോര്‍ക്കും ഇവിടെ പോസ്റ്റാമോ മിററേ?

February 15, 2006 2:46 AM  
Blogger സ്വാര്‍ത്ഥന്‍ said...

ഈ ബക്കറ്റില്‍ മിക്സുന്ന വെട്ടിരിമ്പല്ലേടോ മറ്റവന്മാരുടെ ‘കോഴിവാല്‍’ (കോക് ടെയില്‍)?
പോസ്റ്റ് നന്നായി. അടുത്തത് ‘ശ്രീകൃഷ്ണ ചരിതം’ ആയിരിക്കും ല്ലേ?

പെരിങ്സ്, ബോമ്പേന്ന് നാട്ടീ പോരുമ്പൊ പലപ്പൊഴും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പെട്ടിട്ടുണ്ട്, സമയം പോലെ പോസ്റ്റാം

അനില്‍ ഭായ്, ക്യാമ്പസ് ഒരു സങ്കല്പം മാത്രമല്ലേ? മിററില്‍ പതിയുന്നത്, ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായി യാതൊരു ബന്ധമില്ലാത്ത വസ്തുതകളും. ക്ഷണം ദേ അയച്ചു.

February 15, 2006 2:58 AM  
Blogger അതുല്യ said...

ഞാൻ ഇടയ്കു അപ്പൂന്റെ അച്ഛനോട് പറയും, all my malayalam bloggers are highly learnt technocrats, u must read them to know how talented they are, and the their indpeth knowledge in current affairs.....

മക്കളെ.. നന്നായീ വാ..

February 15, 2006 3:27 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

"വെട്ടിയിട്ട പനപോലെ ഭൂമിക്കു സമാന്തരമായി നിലംപതിച്ചു. "

ഈശോ അങ്ങു വലിയവനാകുന്നു..
ഒപ്പം പുലിയും..!

February 16, 2006 3:08 AM  
Blogger ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഞാന്‍ മണ്ണുത്തി കാര്‍ഷീക സര്‍വ്വകലാശാല ഹോസ്റ്റലില്‍ 15 വര്‍ഷം മുന്‍പ് എത്തിച്ചേര്‍ന്നപോലെ.
ബക്കറ്റും കോക്റ്റെയിലും എല്ലാഹോസ്റ്റലിലും ഉണ്ടല്ലേ.
ഈശോയ്ക്ക് പറ്റിയ പോലെ പണ്ട് എനിക്കും ഒരു ദിവസം നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ അതു ശനിയാഴ്ചയല്ലായിരുന്നു..

February 26, 2008 3:30 AM  

Post a Comment

<< Home