Thursday, February 16, 2006

അഡ്‌ജസ്റ്റ്‌മന്റ്‌

അജയനെ പോലെ തന്നെ ആയിരുന്നു ശൈലേഷും. സുമുഖന്‍, സുന്ദരന്‍, സുശീലന്‍.. പോരാത്തതിന്‌ കോളേജിലെ റോക്ക്‌ ബാന്റിന്റെ പ്രധാന ഗായകനും. പിന്നെ തടി ഒരല്‍പ്പം കൂടുതലായിപ്പോയത്‌ അവന്റെ കുറ്റമല്ല, അച്ഛനമ്മമാര്‍ ഇട്ട പേര്‌ അറം പറ്റിയതാണെന്നാണ്‌ രഘു പറയുന്നത്‌.


ശൈലേഷിനും ഒരു സങ്കടം ഉണ്ടായിരുന്നു. വേറൊന്നുമല്ല. ഡിഗ്രി അവസാന വര്‍ഷം ആയിട്ടും ഒരു ലൈന്‍ ഒത്തു കിട്ടിയിട്ടില്ല. ഗ്യാംഗില്‍ എല്ലാവര്‍ക്കും ഉണ്ട്‌ ഓരോ ലൈന്‍. വായ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ചിണ്ടന്‍ ഹരിക്കു പോലും കഴിഞ്ഞ കൊല്ലം പട്ടു പോലുള്ള ഒരു പട്ടത്തികുട്ടിയെ ഒത്തു കിട്ടി. പക്ഷേ ഒരു പാട്‌ പെണ്‍കുട്ടികള്‍ സുഹൃത്തുക്കളായുണ്ടെങ്കിലും, ശൈലേഷിന്റെ കാര്യത്തില്‍ മാത്രം എന്തോ ഒരു അമാന്തം...


അങ്ങിനെ ഇരിക്കുമ്പോഴാണ്‌ ഫസ്റ്റ്‌ പ്രീഡിഗ്രി ക്ലാസ്സില്‍ ഉള്ള ഒരു കൊച്ചു സുന്ദരി ശൈലന്റെ സുഹൃത്താവുന്നത്‌. കൊച്ച്‌ ഒരല്‍പ്പം പരിഷ്കാരി, വെസ്റ്റേണ്‍ മ്യൂസിക്‌ കേള്‍ക്കുന്നവള്‍, ആഷ്‌കുഷ്‌ ഇംഗ്ലീഷ്‌ മണിമണിയായി അടിച്ചു വിടുന്നവള്‍, നല്ല പാട്ടുകാരി... എന്തായാലും ചുള്ളത്തി പെട്ടെന്ന് ശൈലനുമായി കമ്പനിയായി. കോളേജിനെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട്‌, അവന്റെ ബൈക്കിനു പുറകില്‍ കയറി യാത്ര ചെയ്യാന്‍ വരെ തയ്യാറാവുകയും ചെയ്തു.

സംഗതികള്‍ ഇത്രത്തോളം എത്തിയപ്പൊഴാണ്‌ നാരായണേട്ടന്റെ രണ്ട്‌ ആനമയക്കിയുടെ പുറത്ത്‌, ശിവന്‍ ആ പ്രഖ്യാപനം നടത്തിയത്‌.

" ഡാ തടിയാ.. നെന്റെ മണ്ടീലെന്താ കളിമണ്ണാണ്‌? ചെക്കാ, ആ പെണ്ണിന്‌ നിന്നോടുക്ക്‌ ലൈനാണ്‌ന്ന്...!!"


ശൈലന്‍ ഞെട്ടി. പിന്നെ പുളകിതഗാത്രനായി. ആയിരിക്കുമോ? ചിരകാല സ്വപ്നം സഫലമാകുമോ???

പ്രശ്നം ഗ്യാംഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ലൈന്‍ ലക്ഷണങ്ങള്‍ ഒന്നൊന്നായി ശൈലനു വിശദീകരിച്ചു കൊടുക്കപ്പെട്ടു. കൊച്ചിനെ ഒരാഴ്ച്ച observation-ഇല്‍ വെക്കാന്‍ തീരുമാനമായി. പ്രേമ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍, ശൈലന്‍ അവളോട്‌ ഹൃദയം തുറക്കുന്നു.. തീ രണ്ടു വശത്തും കൊളുത്തപ്പെടുന്നു.. പ്രേമനദി ശോകനാശിനി പോലെ നിര്‍വിഘ്നം ഒഴുകുന്നു.. അതങ്ങനെ തീരുമാനമായി...

observation period കഴിഞ്ഞ ഉടന്‍ ഗാംഗിന്റെ ഏകകണ്ഠമായ അഭിപ്രായം വന്നു..

സംഗതി ലൈന്‍ തന്നെ..

അങ്ങിനെ ശോകനാശിനി പുഴത്തീരത്തു വെച്ച്‌ അഷ്ടദിക്‍പാലകന്മാരെ (എട്ടു വശത്തും ഒളിച്ചു നിന്നിരുന്ന ചെക്കന്‍സ്‌) സാക്ഷി നിര്‍ത്തി ശൈലന്‍ കൊച്ചിനോട്‌ പ്രേമാഭ്യര്‍ത്ഥന നടത്തി...

(എന്താണ്ടീ പെണ്ണേ.. നിന്നെ ഞാന്‍ കെട്ടട്ടടി മൂതേവി എന്നാണ്‌ ശൈലന്‍ ചോദിച്ചത്‌ എന്നാണ്‌ ഇണക്കുരുവികള്‍ക്ക്‌ ഏറ്റവും അടുത്തായിരുന്ന ശിവന്‍ പിന്നീട്‌ പറഞ്ഞത്‌.)

കൊച്ച്‌ കണ്ണ്‍ നിറച്ചു. മൂക്ക്‌ പിഴിഞ്ഞു. തേങ്ങി. എന്നിട്ട്‌ പറഞ്ഞു. "ഏട്ടനെ ഞാന്‍ അങ്ങിനെയല്ല വിചാരിച്ചത്‌. മാത്രമല്ല, എന്റെ കല്ല്യാണം മുറച്ചെക്കനുമായി പറഞ്ഞുറപ്പിച്ചതുമാണ്‌"

ശൈലന്‍ ഭയങ്കരമായി ഞെട്ടി. സ്വപ്ന ഗോപുരം തകരുന്നതറിഞ്ഞ്‌ കരഞ്ഞു. ഉറ്റ സുഹൃത്തിന്റെ പ്രേമ സാക്ഷാല്‍ക്കാരം ആഘോഷിക്കാന്‍, രഘു നാരായണേട്ടന്റെ ഷാപ്പില്‍ പ്രത്യേകം പറഞ്ഞു മാറ്റി വെച്ചിരിക്കുന്ന 2 ക്യാന്‍ കള്ളിനെയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടു. പിന്നെ ചുറ്റും നോക്കി, ലോകത്തെ മുഴുവന്‍ ദയനീയതയും സ്ഫുരിക്കുന്ന മുഖഭാവത്തോടെ ചോദിച്ചു.

" കുട്ടീ, എങ്ങിനെയെങ്കിലും മുറച്ചെക്കന്റെ കൂടെ ഒരു 6 മാസത്തേക്ക്‌ എന്നെക്കൂടി ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്തൂടെ? പ്ലീീസ്‌..."

7 Comments:

Blogger കലേഷ്‌ കുമാര്‍ said...

കൊള്ളാം!രസകരം!
നിഷ്കളങ്കനാണല്ലോ ശൈലൻ!

February 16, 2006 2:51 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ശൈലന്റെ അഡ്ജസ്റ്റ്‌മന്റ്‌ കൊള്ളാം...

February 16, 2006 2:52 AM  
Blogger സ്വാര്‍ത്ഥന്‍ said...

ബെസ്റ്റ് തൊലിക്കട്ടിയാണ് ട്ടോ ശൈലന്റേത്...
പോസ്റ്റ് നന്നായിട്ടുണ്ട്

February 17, 2006 8:40 PM  
Blogger ചില നേരത്ത്.. said...

തൊലിക്കട്ടിയാണോ അതോ വീണത് വിദ്യയാക്കിയതോ..ശൈലന്മാര്‍ക്കേ നിലനില്‍പ്പുള്ളൂ.

February 17, 2006 8:46 PM  
Blogger വിശാല മനസ്കന്‍ said...

ശൈലേഷിന്‌ കൊടു കൈ. എത്ര പോസറ്റീവായ സജഷനും അപ്രോച്ചും.! ഹൌ!! (malayalam).

കണ്ണൂസേ., ശൈലി രസകരമയം.! പോസ്റ്റിംഗ്‌ ഇടതടവില്ലാതെ തുടർന്നാലും.

February 17, 2006 10:43 PM  
Blogger സാക്ഷി said...

ഇതും കലക്കി.

February 17, 2006 11:20 PM  
Blogger സു | Su said...

ശൈലേഷിന്റെ പേര് കണ്ണൂസ് എന്നാക്കാമോ? ;)

നന്നായി :)

February 17, 2006 11:30 PM  

Post a Comment

Links to this post:

Create a Link

<< Home