Sunday, February 26, 2006

ഒരു പ്രയോഗം ഭാഷയിൽ ജനിക്കുന്നു

സ്ക്കൂളിൽ എന്റെ കൂടെ പഠിച്ച കുറച്ചേറെ പേർ ചേർന്നതു നെന്മാറ നായർസ് കോളേജിൽ. ഇതിലേറെയും സാമൂഹ്യദ്രോഹികൾ.. എന്റെ കോളേജ് ജീവിതം ജിപ്സികളുടേതായതിനു് ഏറിയപങ്കും ഇവരാകുന്നു കാരണക്കാർ. ഇക്കൂട്ടരോടു ഡിഗ്രിക്കും ചേരാൻ പറ്റാത്തതിനു കാരണവും ഈ ജിപ്സി നയം തന്നെ. മാർക്കു കുറഞ്ഞവർക്കുള്ള ഏക ആശ്രയം അന്നും ഈഴവർസ് കോളെജായിരുന്നു. വീണ്ടും ഞാൻ ജിപ്സിയായി.

ഏതാണ്ടു ഈ കാലഘട്ടം അവസാനിക്കാറായപ്പോഴാണു് മേല്പറഞ്ഞ വില്ലന്മാർക്കു് കോളേജിൽ ഹൈഡ് ആൻഡ് സീക്ക് (പാലക്കാടന്മാർക്കതു് സൈബാറുകളി തൃശ്ശൂരുകാർക്കമ്പസ്ഥാനി) കളിക്കണമെന്നു് കലശലായ ആഗ്രഹം മുളച്ചതു്. ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇതു നടപ്പാക്കാനും അവർ തീരുമാനിച്ചു. ക്ലാസ് മുറിക്കു സമീപം ചെന്നു് ഉച്ചത്തിൽ സൈബാർ എന്നു പറഞ്ഞില്ലെങ്കിൽ കളിക്കുന്ന കാര്യം നാലാളറിയില്ല. കളിച്ചിട്ടു പിന്നെ പ്രയോജനവുമില്ല എന്നതു് വാദ്ധ്യാന്മാർക്കറിയില്ലല്ലോ. അവരുടെ പരാതി എത്തേണ്ട താമസം അടുത്തു നടക്കാൻ പോകുന്ന ജൂബിലി ഉത്സവത്തിൽ തലപുകഞ്ഞിരിക്കുന്ന പ്രിൻസിപ്പാൾ പ്യൂണിനെ വിട്ടു സകലതിനേം വിളിപ്പിച്ചു. ഇവന്മാരെ ഇപ്പൊഴേ അങ്ങൊതുക്കിയില്ലെങ്കിൽ ഉത്സവത്തിനു് ആനയിടയും! തലമുറിയന്മാർ ഒറ്റക്കെട്ടായി തന്നെ ഓഫീസിൽ ഹാജരായി. പ്രിൻസിപ്പൾ ഒറ്റക്കെട്ടിനെ വലിച്ചു നീട്ടി ഒറ്റ വരിയാക്കാൻ പറഞ്ഞതനുസരിച്ചപ്പോൾ വരി ഇടനാഴി വരെ നീണ്ടു. വരിയുടെ വാൽ കണ്ടാകൃഷ്ടനായ ഒരു എ ബി വി പിക്കാരൻ പതുക്കെ കാര്യമന്വേഷിക്കാൻ ചെന്നു.

എന്തു പറ്റി? എന്താ ഇവിടെ?

ഒന്നാം ക്ലാസ്സു് മുതൽ എനിക്കു സതീർത്ഥ്യനായിരുന്ന ഒരേഴ്ശ്ശനുണ്ടു്, കല്ലേപ്പുള്ളിക്കാരൻ. കരിവീട്ടിക്കാതലിന്റെ നിറമുള്ളവൻ, നാക്കുവടിയുടെ ആകൃതിയിലുള്ള ശരീരമെങ്കിലും നാല്പതു പറനിലം ഒറ്റയ്ക്കു വിത്തെറിഞ്ഞു തീർക്കുന്നവൻ, കല്ലേപ്പുള്ളിയിലെ നാട്ടുപ്രമാണിമാർക്കിടയിൽ സ്ഥാനമുള്ള ഒരേയൊരു ഇരുപതുകാരൻ. ഊർജ്ജതന്ത്രത്തിൽ നേടിയ ബിരുദത്തിന്റെ കടലാസുപോലും വാങ്ങാതെ ചേറിലേക്കിറങ്ങിയവൻ. കച്ചോലം ഇഞ്ചി തുടങ്ങിയ കൃഷികളിലേക്കു് കല്ലേപ്പുള്ളിയിലെ കാർഷിക മേഖലയെ നയിക്കാൻ ശ്രമിച്ചവൻ. ഈ പ്രായത്തിൽ ചെണ്ടകൊട്ടുപഠിക്കാൻ പോകുന്നവൻ. നേരത്തെ ഒരു കമന്റിൽ ജ്യേഷ്ഠസമാഗമം നടന്നതായി പരാമർശിക്കപ്പെട്ടവൻ.

ഏബിവിപ്പിക്കാരൻ ചെന്നു ചോദിച്ചതു് പ്രത്യുൽ‌പ്പന്നമതിത്വത്തിനു് പേരുകേട്ട, ഇവനോടു്.

“ബാഡ്ജ് വാങ്ങാൻ“. ഉത്തരം ചോദ്യം തീരുന്നതിനു മുൻപേ വന്നു.

“ജൂബിലി ചടങ്ങിലേക്കോ?“

“അതേ” അതിലൽഭുതമെന്തു് എന്ന ഭാവം ഏഴ്ശ്ശന്റെ മുഖത്തു്.

അതെന്തേ എസ്സഫൈക്കാർക്കു മാത്രം? അല്ലല്ലെന്തു കഥയിതു കഷ്ടമേ ഭാവം അവന്റെ മുഖത്തു്.

“അതറിയില്ല. ഞങ്ങളേ വിളിച്ചു ഞങ്ങൾ വന്നു” വരിയിലെ എല്ലാവരുടെയും മുഖത്തു് സഹതാപരസം.
ചോദ്യകർത്താവിനു് തീ പിടിച്ചു. ഒറ്റലിൽ പെട്ട കണ്ണനെ പോലെ അവൻ അച്ചാലും പിച്ചാലും നടന്നു. പ്രിൻസിപ്പാളിന്റെ നല്ലകുട്ടികളുടെ ലിസ്റ്റിൽ സ്ഥാനമുള്ള തന്നെ വളണ്ടിയർ ലിസ്റ്റിൽ നിന്നു് ഒഴിച്ചു നിർത്തിയതു് കക്ഷിക്കു് സഹിക്കാവുന്നതിലപ്പുറമായിരുന്നു. നടത്തത്തിനൊടുവിൽ രണ്ടും കല്പിച്ചു് മൂപ്പർ കൂടെയുള്ളവനെ പുറത്തു നിർത്തി, വരിക്കരികിലൂടെ ഇടിച്ചുകയറി പ്രിൻസിയുടെ ക്യാബിനിലെത്തി. മാഡം മുഖമുയർത്തി നോക്കി. കണ്ണുകളിൽ അവിശ്വസനീയത.

“താനുമുണ്ടോ ഇതിൽ?“

യൂ റ്റൂ.. എന്നഭാവം തിരസ്ക്കരിക്കപ്പെട്ടവൻ വായിച്ചില്ല.

“ഞാൻ മാത്രമല്ല മാഡം, സദാശിവനുമുണ്ടു്.“

ക്യാബിനു പുറത്തു നിൽക്കുന്ന സുഹൃത്തിനെ ചൂണ്ടിയുള്ള അവന്റെ ഈ മറുപടി പിൽക്കാലത്തു് ക്യാമ്പസിൽ പ്രചുരപ്രചാരം നേടിയ ഒരു പ്രയോഗമായി. പ്രയോഗഫലസിദ്ധിയാൽ ഇടിച്ചുകയറി മണ്ടത്തരം വിളമ്പുന്നവരെ അക്കാലങ്ങളിൽ സദാശിവനെന്നു വിളിക്കകൂടി അന്നാട്ടുകാർ പതിവാക്കിയത്രേ.

വാ‍ൽക്കഷ്ണം: ഈ ഒരവസരത്തിൽ മാത്രമേ ഫാ‍ൿടറിയിൽ നിന്നു് ആളുവന്നാ‍ലേ പരീക്ഷയ്ക്കിരുത്തുകയുള്ളൂ എന്ന ഭീഷണി തെല്ലും കൂസലില്ലാതെ കേൾക്കാൻ സിദ്ധാർത്ഥനു സാധിച്ചിട്ടുള്ളൂ എന്നു കൂടി പറയട്ടെ

11 Comments:

Blogger രാജ് said...

എന്നാലും സദാശിവനെ ഒറ്റിയതു നന്നായില്ല സിദ്ധു. സമാനമായ ഒരു അനുഭവം എനിക്കും വന്നിട്ടുണ്ടു്.

“എന്റെ ലോകത്തില്‍” വായിക്കാം.

February 26, 2006 11:40 PM  
Blogger അരവിന്ദ് :: aravind said...

സദാശിവന്‍ ഞങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ ആയതെങ്ങനെയാണാവോ!
പോസ്റ്റ് കലക്കി :-))

February 26, 2006 11:54 PM  
Blogger ദേവന്‍ said...

2 വൈല്‍ഡ് ഗസ്സ് നടത്തട്ടോ സിദ്ധാ?
പത്തടി ഉയരത്തില്‍ പാഞ്ഞുപോയ അടിക്ക് ചാടി മുഖം കാണിച്ചുകൊടുത്ത ഈ ചങ്ങായി
1. ഒരു മലയാളം ബ്ലോഗ്ഗനാണോ?

മുകളിലത്തെ ചോദ്യത്തിനു അല്ലാ എന്നാണ് ഉത്തരമെങ്കില്‍
2. ഒരു മലയാളം ബ്ലോഗ്ഗന്‍റെ കൂടെ പണിയെടുക്കുന്നയാളാണോ?

ഇതിനും അല്ലായെന്നാണുത്തരമെങ്കില്‍ എന്‍റെ രണ്ടു ഗസ്സും തെറ്റി-സുല്ല്.

February 27, 2006 12:06 AM  
Blogger Kalesh Kumar said...

:)

February 27, 2006 12:08 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കലക്കി മോനെ സദാശിവാ.

February 27, 2006 2:47 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

സിദ്ധാർത്ഥാ ആ സുഹൃത്തിന്‌ എന്റെ വക ഒരു ബാഡ്ജ്‌..!

February 27, 2006 3:31 AM  
Blogger കണ്ണൂസ്‌ said...

സിദ്ധു, എഴ്ശ്ശനെ മനസ്സിലായി. :-) അവന്‍ ഇതു ചെയ്തില്ലെങ്കിലേ അത്‌ഭുതമുള്ളു...

February 27, 2006 8:25 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ദേവനുദ്ദേശിച്ച ആളല്ലെന്നു്‌ തോന്നുന്നു. ഇനി കക്ഷിയെങ്ങാനും ബ്ലോഗ്ഗിംഗ്‌ തുടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ നിവൃത്തിയുമില്ല.

മേഘങ്ങളുടെ ബാഡ്ജ്‌ ഞാനാ സുഹൃത്തിനു കൊടുത്തോളാം കേട്ടോ.

വീരഗാഥകളിനിയുമുണ്ടു കണ്ണൂസേ ആശാന്റെ പേരില്‍. പലതും എഴുതിയിടാന്‍ കൊള്ളാത്തവയാണെന്നു മാത്രം. നേരില്‍ കാണുമ്പോള്‍ പറയാം.

February 27, 2006 11:04 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഈ സദാശിവനൊരു പ്രതിഭാസമാണരവിന്ദേ;-) എല്ലായിടത്തും ഇതിനെ കാണാം പ്രാദേശികമായ ഭേദം വരുമെന്നേയുള്ളൂ.

ബാക്കി കമന്റുകാരോടും വായിച്ചു ചീത്തവിളിക്കാഞ്ഞവരോടും നന്രി പെറ്റ്രു കൊള്‍കിറേന്‍

February 27, 2006 11:20 PM  
Blogger Visala Manaskan said...

നാല്പതു പറനിലം ഒറ്റയ്ക്കു വിത്തെറിഞ്ഞു തീർക്കുന്നവൻ!

കല്ലേപ്പുള്ളിയിലെ നാട്ടുപ്രമാണിമാർക്കിടയിൽ സ്ഥാനമുള്ള ഒരേയൊരു ഇരുപതുകാരൻ!

ഊർജ്ജതന്ത്രത്തിൽ നേടിയ ബിരുദത്തിന്റെ കടലാസുപോലും വാങ്ങാതെ ചേറിലേക്കിറങ്ങിയവൻ!

കച്ചോലം ഇഞ്ചി തുടങ്ങിയ കൃഷികളിലേക്കു് കല്ലേപ്പുള്ളിയിലെ കാർഷിക മേഖലയെ നയിക്കാൻ ശ്രമിച്ചവൻ!!!

രസകരമായിട്ടുണ്ട്‌ സിദ്ദാര്‍ത്ഥാ...

March 05, 2006 4:27 AM  
Blogger സു | Su said...

ഹഹഹ . പാവം സദാശിവന്‍. ഇനി കണ്ടിടത്ത് മുഴുവന്‍ ഇടിച്ചുകയറി ഞാനുണ്ട്, പുറത്ത് നില്‍ക്കുന്നവനുമുണ്ട് എന്ന് പറയുന്നതിന് മുന്‍പ് സന്ദര്‍ഭം നോക്കണേ സിദ്ധാര്‍ത്ഥാ :)

March 05, 2006 4:45 AM  

Post a Comment

<< Home