Tuesday, February 28, 2006

ഭാരത രത്‌നം

കൊല്ല വര്‍ഷം 1082 കുംഭ മാസം 21-ആം തിയതി നെല്ലിത്തറ ഈശ്വരയ്യര്‍ മകന്‍ ശങ്കരയ്യരുടെ വക ഈടുവെടിയാലിനു ചുറ്റുമുള്ള തറ കമ്മീഷന്‍ ചെയ്തതിനു ശേഷം, തുടര്‍ന്നിങ്ങോട്ടുള്ള മുക്കാല്‍ നൂറ്റാണ്ടിലേറെ കാലം, എല്ലാ വൈകുന്നേരങ്ങളിലും അര ഡസന്‍ ചെറു വാല്ല്യക്കാരെങ്കിലും ഈ ആല്‍ത്തറയിലിരുന്ന് പടിഞ്ഞാട്ട്‌ നോക്കി കാലാട്ടിയിരുന്നത്‌ ആലിനു പണ്ട്‌ കിട്ടിയ ഒരു ശാപത്തിന്റെ ഭാഗമായിരുന്നു. ഇത്‌ പറഞ്ഞത്‌ ചെറൂട്ടി മാമയായത്‌ കൊണ്ട്‌ ശാപത്തിന്റെ കാര്യം ഞങ്ങളാരും വിശ്വസിച്ചിരുന്നില്ലെങ്കിലും പറഞ്ഞത്‌ സത്യമാണെന്ന് മിക്കവരും അംഗീകരിച്ചിരുന്നു. അതല്ല, പൂരത്തിന്‌ 41 ദിവസം മുന്‍പ്‌ നടക്കുന്ന പാവക്കൂത്തിന്‌ കുത്തുവിളക്കും കൊണ്ട്‌ നടക്കുന്ന കോലോത്ത്‌ നായരുടെ പിന്നാലെ കൂത്തുമാടം ചുറ്റുന്ന കുറെ പിള്ളേര്‍ ഉള്ളതു കൊണ്ടാണ്‌ എന്നും ആലിന്‍ചുവട്ടില്‍ ഇരിക്കാന്‍ വാല്ല്യക്കാര്‍ കാവശ്ശേരിയില്‍ ഉള്ളത്‌ എന്നൊരു തിയറിയും പ്രചാരത്തില്‍ ഉണ്ടായിരുന്നു. (കൂത്തു നടക്കുന്ന ദിവസങ്ങളില്‍ മാടം പ്രദക്ഷിണം ചെയ്താല്‍ അടുത്ത കൂത്ത്‌ വരെ തട്ടകം വിട്ട്‌ പോവുകയില്ല എന്നാണ്‌ വിശ്വാസം). കൂത്താളന്മാര്‍ ഉറങ്ങിയാല്‍ വിളക്ക്‌ കത്തിക്കുന്ന നാളികേര മുറി അടിച്ചു മാറ്റണമെങ്കില്‍, ഈ മാടം ചുറ്റലല്ലാതെ വേറെ വഴിയില്ല എന്ന സത്യം തുറിച്ചു നോക്കുന്നത്‌ കാരണം, അന്നും ഇന്നും കോലോത്ത്‌ നായര്‍ക്ക്‌ അകമ്പടി സേവിക്കാന്‍ ആളുണ്ട്‌ എന്നത്‌ വേറെ കാര്യം.

കാര്യം എന്തായാലും പാരമ്പര്യത്തിന്‌ ഒരു കോട്ടവും സംഭവിക്കാതെ പടിഞ്ഞാട്ട്‌ നോക്കിയിരിക്കാന്‍ ഞങ്ങളുടെ തലമുറയിലും ഇഷ്ടം പോലെ ചെറു വാല്ല്യക്കാര്‍ ഉണ്ടായിരുന്നു. എല്ലാം മിക്കവാറും ഒരേ തരപ്പടി ആയിരുന്നത്‌ കൊണ്ട്‌ എണ്ണത്തിന്റെയും സമയത്തിന്റേയും കാര്യത്തില്‍ ഒരു റിസെര്‍വേഷനും ഉണ്ടായിരുന്നില്ല എന്നു മാത്രം. പ്രത്യേക അജണ്ട ഒന്നും ഇല്ലാത്ത, കരിമ്പനക്കു കീഴെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുള്ള ഇത്തരം വെടിവട്ടങ്ങളില്‍, പിറ്റേ ദിവസം എന്തു ചെയ്യണം എന്ന കാര്യം മാത്രം നിഷ്‌കര്‍ഷയൊടെ ആലോചിക്കപ്പെടുകയും, പാലിക്കപ്പെടാതിരിക്കപ്പെടുകയും ചെയ്തു വന്നു. ഉത്‌സവക്കാലമായിരുന്നതിനാല്‍ പാടൂര്‍ മുതല്‍ മംഗലം വരെ പലയിടത്തും ചെണ്ടപ്പുറത്ത്‌ കോല്‍ വെക്കപ്പെടാറുണ്ട്‌ എന്നത്‌ ഞങ്ങള്‍ക്ക്‌ വലിയ ഒരു ആശ്വാസമായിരുന്നു. അങ്ങിനെ എല്ലാ വേലപ്പറമ്പിലും, വി.കെ.എന്‍. ഭാഷയില്‍ തിക്കും തിരക്കും വിളക്കും ചരക്കും കണ്ട്‌, ബാക്കിയുള്ള സമയങ്ങളില്‍ കാലാട്ടി ഇരിക്കുമ്പോഴാണ്‌ സംഭവം ഉണ്ടായത്‌.

എസ്‌.എന്‍. കോളേജിന്റെ കോളേജ്‌ ഡേ ആയിരുന്നു ഇഷ്യൂ. സാധാരണ ഗതിയില്‍ രണ്ടാമതൊന്നാലോചിക്കാതെ എല്ലാവരും അവിടെ പ്രസന്റ്‌ ആവേണ്ടതാണ്‌. പക്ഷേ, നമ്മുടെ സിദ്ധാര്‍ത്ഥന്റെ ഒക്കെ കയ്യിലിരിപ്പ്‌ കൊണ്ട്‌, കോളേജില്‍ ആകപ്പാടെ ഒരു പ്രശ്നാന്തരീക്ഷം ഉള്ള സമയം. പുറത്തുള്ള ആരേയും ഓഡിറ്റോറിയത്തില്‍ കേറ്റരുത്‌ എന്ന് പ്രിന്‍സിയുടെ ഓര്‍ഡര്‍. കൂട്ടത്തില്‍ ആകെയുള്ള എസ്‌.എന്‍. കോളേജുകാരന്‍ സ്വാമിയാണെങ്കില്‍ "രക്ഷയില്ല" എന്ന് കൈ മലര്‍ത്തുകയും ചെയ്തു. എങ്ങനെ കേറിപറ്റും എന്ന് തലയല്ലാത്ത ബാക്കി ഭാഗങ്ങളൊക്കെ പുകഞ്ഞ്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ ശ്രീരാമിന്റെ വരവ്‌.

" ഡാ, നാളെ എനിക്ക്‌ എസ്‌.എന്‍. കോളേജില്‍ ഒരു പ്രോഗ്രാം ഉണ്ട്‌. ബൈക്കില്‍ കീബോര്‍ഡ്‌ പിടിച്ചിരിക്കാന്‍ ഒരു കൂലിക്കാരനെ വേണം".

ഈശ്വരാ.. രക്ഷപ്പെട്ടു.. കൂലിക്കാരനായി കൂട്ടത്തിലെ ഏറ്റവും പ്രശ്നക്കാരന്‍ ആയ ബാലനെ അയക്കാന്‍ തീരുമാനമായി. ( രണ്ട്‌ പൊറോട്ടയും ഒരു സിസര്‍ ഫില്‍റ്ററും കൂലി. ചാപ്സ്‌ സ്വന്തം പോക്കറ്റില്‍ നിന്ന്.) ശ്രീരാമിന്റെ പേര്‌ പറഞ്ഞ്‌ ബാക്കിയുള്ളവര്‍ തള്ളിക്കയറുന്നു. ഗ്യാംഗിന്റെ സ്പോക്സ്‌മാന്‍ ആയി മാമയെ തീരുമാനിച്ചു. (എല്ലാ പ്രശ്നങ്ങളും പറഞ്ഞൊതുക്കാന്‍ പറ്റിയ ഒരു കാരണവര്‍ നാവ്‌ ഉള്ളതു കൊണ്ടാണ്‌ രവി മാമയായത്‌. അല്ലാതെ വേറൊന്നുമല്ല..അയ്യേ..) എല്ലാം ശുഭം, മംഗളം...

അങ്ങിനെ, പിറ്റേ ദിവസം, 4 ബൈക്കിലായി 12 പേര്‍ കോളേജ്‌ ലക്ഷ്യമാക്കി യാത്രയായി. പ്രശ്നം ഒന്നും ഉണ്ടാവരുതെന്ന് നേരത്തെ തീരുമാനിച്ചത്‌ കാരണം കള്ളുഷാപ്പുകള്‍ ഇല്ലാത്ത വഴിയായിരുന്നു യാത്ര എന്നു കൂടി പറഞ്ഞോട്ടെ. യാത്ര അവസാനിച്ചത്‌, കോളേജ്‌ പടിക്കല്‍ തന്നെ കിടന്നിരുന്ന എസ്‌.ഐ. ശങ്കരനാരായണന്റെ പോലീസ്‌ ജീപ്പിന്റെ മുന്നില്‍.

എസ്‌.ഐ. ശങ്കരനാരായണന്‍ അന്ന് ആലത്തൂരില്‍ ഒരു ടെറര്‍ ആയിരുന്നു. കലുങ്കില്‍ ഇരിക്കുന്നവരെ പിടികൂടി ജനമദ്ധ്യത്തില്‍ നിറുത്തി 101 ഏത്തം ഇടീക്കുക, ബൈക്കില്‍ മുണ്ട്‌ മടക്കി കുത്തി ഓടിക്കുന്നവരെ പിടിച്ച്‌ പൂണക്ക്‌ ചവിട്ടുക, സെക്കന്റ്‌ ഷോ കഴിഞ്ഞു വരുന്നവരെ യാതൊരു പ്രകോപനവും ഇല്ലാതെ ലാത്തി വീശി വീട്‌ വരെ ഓടിക്കുക എന്ന സാധാരണ പോലീസുകാരുടെ കലാപരിപാടികള്‍ ഒക്കെ ഇദ്ദേഹവും നിര്‍ലോഭം ചെയ്തു പോന്നിരുന്നു.

" എങ്ങോട്ടാടാ എല്ലാവരും കൂടി?" --- എസ്‌.ഐ.

"ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ വന്നതാണ്‌ സര്‍" -- മാമ

ചെറുകിട പരിശോധകന്‍ (തര്‍ജമക്ക്‌ കടപ്പാട്‌ ലോനപ്പന്‍ നമ്പാടന്‍) എല്ലാവരേയും ഒന്നുഴിഞ്ഞ്‌ നോക്കി. നോട്ടം അവസാനിച്ചത്‌, ആറടി ഉയരവും കരിവീട്ടിയുടെ നിറവും ഫങ്കി സ്റ്റൈലില്‍ നീട്ടി വളര്‍ത്തിയ മുടിയും ഉള്ള ബ്ലാക്കപ്പന്റെ മുഖത്ത്‌.

"ഇങ്ങോട്ട്‌ നീങ്ങി നിക്കടാ"..

നേരത്തെ സൂചിപ്പിച്ച പ്രശ്നം ഇതായിരുന്നു. കോളേജിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം കെ.എസ്‌.യു.ക്കാരനായ ഒരു ശിവരാമകൃഷ്ണനെ എസ്‌.എഫ്‌.ഐ.ക്കാരന്‍ ദ്വാരകരാജ്‌ ആലത്തൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ വെച്ച്‌ ഓടിച്ചിട്ട്‌ തല്ലി എന്നതാവുന്നു. അന്നോടിയ കെ.എസ്‌.യു.ക്കാരന്റെ പുറകെ അവനെ പിടിച്ചു നിര്‍ത്താന്‍ ഈ ബ്ലാക്കപ്പനും ഓടി എന്ന് ജനസംസാരം.

എല്ലാം തുലയുന്ന നിമിഷം ഇതാ വരുന്നു. മാമയുടെ diplomacy work out ചെയ്യേണ്ട സന്ദര്‍ഭം.

" നീയല്ലേടാ അന്ന് എന്നെ കണ്ടപ്പോള്‍ കലുങ്കില്‍ നിന്ന് എണീറ്റ്‌ ഓടിയത്‌"

ശ്വാസം നേരേ വീണു. സംഗതി പെറ്റി കേസ്‌ ആണ്‌.

"അതു ഞാനല്ല സര്‍" എന്ന് ബ്ലാക്കപ്പന്‍.

" നീ തന്നെ, എന്തിനാടാ നീ എന്നെ കണ്ടാല്‍ ഓടുന്നത്‌, തേക്കുംകുറ്റി പോലുണ്ടല്ലോ, നിന്നെ കണ്ടാല്‍ ഞാന്‍ ഓടണമല്ലോ" എന്നായി എസ്‌.ഐ.

" എന്തായാലും നിങ്ങള്‍ക്ക്‌ ഉള്ളില്‍ കേറാന്‍ പറ്റില്ല. Students അല്ലാതെ ആരെയും കടത്തി വിടണ്ട എന്ന് പ്രിന്‍സി പറഞ്ഞിട്ടുണ്ട്‌".

മാമയുടെ വാക്‍ചാതുരി ഉണര്‍ന്നു.

"അല്ല സര്‍, ശ്രീരാമിന്റെ പ്രോഗ്രാം കാണാന്‍ ഞങ്ങള്‍ക്ക്‌ കിട്ടിയ ഒരു അവസരമാണ്‌ സര്‍ ഇത്‌.അവന്‍ ഇപ്പോ ഭയങ്കര ഫേമസ്‌ ആയി. ഇനി നാട്ടിലൊന്നും അവതരിപ്പിക്കും എന്ന് തോന്നുന്നില്ല. ഞങ്ങള്‍ ആരും പ്രശ്നക്കാരല്ല. പ്ലീസ്‌ സര്‍"....

എസ്‌.ഐ. ഒന്നാലോചിച്ചു. ശ്രീരാം ആണെങ്കില്‍ അന്ന് കലാപ്രതിഭയും എം.എ. ഫസ്റ്റ്‌ റാങ്കും ഒക്കെയായി കത്തി നില്‍ക്കുന്ന സമയം. പിന്നെ എന്നെയൊക്കെ കണ്ടപ്പോള്‍ പുള്ളിക്ക്‌ തോന്നിയിരിക്കണം ചെക്കന്മാര്‍ അത്ര വെടക്ക്‌ അല്ല എന്ന്. " ശരി, ഞാന്‍ എന്തായാലും പ്രിന്‍സിയോടൊന്ന് ചോദിക്കട്ടെ, ഇവിടെ നില്‍ക്ക്‌" എന്നായി അങ്ങേര്‍.

എസ്‌.ഐ. ഒന്നയയുന്നു എന്ന് കണ്ട മാമക്ക്‌ ഉത്‌സാഹം കൂടി. "സര്‍, ഇവന്റെ പ്രോഗ്രാം കണ്ടിട്ടുണ്ടോ"?

" നമുക്കൊക്കെ എവിടെയാടോ സമയം.പാട്ടും കൂത്തും ഒന്നും കാണാനും കേള്‍ക്കാനും ഉള്ള സമയം കിട്ടണ്ടേ.. ആട്ടെ, ഇവനെന്തൊക്കെയോ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ടല്ലേ..? "

എസ്‌.ഐ.യോട്‌ കൊച്ചു വര്‍ത്തമാനം പറയാന്‍ കിട്ടിയ ചാന്‍സ്‌ വിടാതെ മാമ വെച്ചു കാച്ചി.

" ഉണ്ട്‌ സാറെ, ഭാരതരത്‌നം"..

ജീപ്പിന്‌ വെളിയില്‍ നിന്നിരുന്ന എസ്‌.ഐ. ഒറ്റ ചാട്ടത്തിന്‌ ഒരു കാല്‍ അകത്തും ഒരു കാല്‍ പുറത്തുമായി ആട്‌ പെറാന്‍ നില്‍ക്കുന്ന പോസില്‍ നിന്നു.

"എന്ത്‌????"

"ഭാരത രത്നം"...

60 കിലോ തൂക്കമുള്ള മാമയെ കോളറിനു പിടിച്ച്‌ ഇയാള്‍ എങ്ങനെ 10 അടി തൂക്കി എന്നു മാത്രമല്ല, പിന്നെ ഒരു 5 മിനിറ്റ്‌ നേരത്തേക്ക്‌ ഇങ്ങേര്‍ ഉപയോഗിച്ച കുറെ വാക്കുകളുടെ അര്‍ത്ഥവും ഇതുവരെ എനിക്ക്‌ മനസ്സിലായിട്ടില്ല.

25 Comments:

Blogger Sreejith K. said...

ഹ ഹ ഹ. അടിപോളി. ഭാരത രത്നം വായിച്ചിട്ട് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

February 28, 2006 8:41 PM  
Blogger കണ്ണൂസ്‌ said...

നന്ദി ജിത്തേ, link ഇടാന്‍ പഠിപ്പിച്ചതിന്‌ ഒരു സ്പെഷ്യല്‍ നന്ദി സ്വാര്‍ത്ഥനും.

കു: പിന്മൊഴി പിണങ്ങി കിടപ്പാണോ?

February 28, 2006 10:01 PM  
Blogger Kalesh Kumar said...

അടിപൊളി കണ്ണൂ‍സ്!
ഡിപ്ലോമാറ്റിക്ക് ഹര്‍ഡില്‍‌സ്!

February 28, 2006 10:22 PM  
Blogger Sreejith K. said...

എന്നിട്ട് ലിങ്ക് എവിടെ? കാണാനില്ലല്ലോ !!!

ലിങ്ക് ഒളിപ്പിച്ച് വയ്ക്കാനും പഠിപ്പിച്ചോ സ്വാര്‍ത്ഥന്‍? ആ വിദ്യ എനിക്കും പഠിക്കണം.

February 28, 2006 10:27 PM  
Blogger Visala Manaskan said...

" കൊല്ല വര്‍ഷം 1082 കുംഭ മാസം 21-ആം തിയതി നെല്ലിത്തറ ഈശ്വരയ്യര്‍ മകന്‍ ശങ്കരയ്യരുടെ വക ഈടുവെടിയാലിനു ചുറ്റുമുള്ള തറ കമ്മീഷന്‍ ചെയ്തതിനു ശേഷം, തുടര്‍ന്നിങ്ങോട്ടുള്ള മുക്കാല്‍ നൂറ്റാണ്ടിലേറെ കാലം, എല്ലാ വൈകുന്നേരങ്ങളിലും അര ഡസന്‍ ചെറു വാല്ല്യക്കാരെങ്കിലും ഈ ആല്‍ത്തറയിലിരുന്ന് പടിഞ്ഞാട്ട്‌ നോക്കി കാലാട്ടിയിരുന്നത്‌ ആലിനു പണ്ട്‌ കിട്ടിയ ഒരു ശാപത്തിന്റെ ഭാഗമായിരുന്നു..."

ആഢംബരായിട്ടുണ്ട്‌ കണ്ണൂസേ.., ആഢംബരം. :)

('ഢ' ഇതന്ന്യല്ലേ ?)

February 28, 2006 11:07 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ബ്ലോഗരെ നമ്മള്‍ പുണ്യം ചെയ്തിരിക്കുന്നു.
വിശാലന്‍, അരവിന്ദന്‍, കണ്ണൂസ് ലിസ്റ്റിന് നീളം കൂടി കൂടി വരികയാണ്.
"ആനന്ദലബ്ദിയ്ക്കിനിയന്തുവേണം."

ഭാരതരത്നം എന്നു വായിച്ച ഉടന്‍ അറിയാതെ ചിരിപൊട്ടിപ്പോയി കണ്ണൂസേ.
ടൈറ്റില്‍ മാറ്റാമായിരുന്നു.
ക്ലൈമാക്സിന്‍റെ മാറ്റ് കുറഞ്ഞാലോ.

February 28, 2006 11:23 PM  
Blogger ഉമേഷ്::Umesh said...

ആഡംബരത്തിനു ‘ഡ’ മതി വിശാലാ. അത്ര കടുപ്പിക്കണ്ട.

അതുപോലെ ‘പുച്ഛം’ മതി. ‘പുശ്ചം‘ വേണ്ട.

- ഉമേഷ്

February 28, 2006 11:30 PM  
Blogger രാജ് said...

ടൈറ്റിലു വായിക്കുവാന്‍ എന്നും മറക്കുന്നതുകാരണം ക്ലൈമാക്സുവരെ ആഡംബരമായി തന്നെ വായിച്ചു തീര്‍ത്തു.

ഉമേഷിന്റെ പിന്‍‌പറ്റിക്കൊണ്ടു്: വാല്യക്കാര്‍ക്കു ഡബിള്‍ ല വേണോ?

കാവശ്ശേരി കസിന്‍സ് എന്ന പേരില്‍ സിദ്ധുവും കണ്ണൂസും കഥാപ്രസംഗം നടത്തുന്നതു് ആലോചിക്കാവുന്ന ഒരു കാര്യമാണു്. ഏഴ്ശന്‍ മാമ എന്നിവരെയൊക്കെ വിശാലമായി തന്നെ പരിചയപ്പെടാല്ലോ!

February 28, 2006 11:50 PM  
Blogger കണ്ണൂസ്‌ said...

നന്ദി കൂട്ടരേ..

ഞാന്‍ link ഇടാന്‍ ശ്രമിച്ചത്‌, സിദ്ധാര്‍ത്ഥനും , ശ്രീരാമിനുമാണ്‌. നിങ്ങള്‍ക്കാര്‍ക്കും കണ്ടുകൂടേ? എനിക്ക്‌ കാണാമല്ലോ?

March 01, 2006 12:06 AM  
Blogger ദേവന്‍ said...

ഹ ഹാ അങ്കമാലീലെ പ്രഥാന മന്ത്രി അമ്മാവനെപ്പോലെ ആയിപ്പോയി ഭാരത രത്നാകരന്‍!

March 01, 2006 12:20 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

അടി പൊളി!!
പുറത്തിമ്മാതിരി സംഭവങ്ങളരങ്ങേറുന്നതു്‌ ഞാനന്നറിയാതെ പോയല്ലോ ഈശ്വരാ!

അല്ലെങ്കിലന്നതറിയാഞ്ഞതുനന്നായി. ഇല്ലെങ്കില്‍ ഭാരതരത്നമെന്നു വായിച്ചെത്തുമ്പോഴിത്രയും ചിരി വരില്ല്ലായിരുന്നു.

സൈക്കിളില്‍ കൈവിട്ടു ചവിട്ടിപ്പോകുന്ന ഒരഭ്യാസിയെ തടഞ്ഞു നിര്‍ത്തി ജീപ്പില്‍ നിന്നു്‌ സാമഗ്രികളെടുത്തു്‌ ഹാന്‍ഡില്‍ മാത്രം അഴിച്ചെടുത്തു്‌ ജീപ്പിലിട്ടു്‌ ഒന്നും പറയാതെ കയറിപ്പോയതും ഈ എസ്സൈ ശങ്കരനാരായണന്റെ ലീലാവിലാസങ്ങളില്‍ ഒന്നാകുന്നു.

March 01, 2006 12:23 AM  
Blogger ദേവന്‍ said...

അല്ലാ ഇത്രേം ഭയങ്കരന്‍ എസ്സൈ ആയിട്ടും ഇങ്ങേര്‍ക്കു “സാര്‍ നെയിം” വീണില്ലേ സിദ്ധാ/കണ്ണൂസേ?

എന്‍റെ നാട്ടിലൊരു സാറുണ്ടായിരുന്നു. മൂപ്പര് ഒരാളിന് അഞ്ഞൂറു രൂപ വച്ചായിരുന്നു ‘സംതിങ്ങ്നിങ്’. നാട്ടുകാര്‍ സ്നേഹപൂര്‍വ്വം സാറിനെ “അഞ്ഞൂറാന്‍“ എന്നു വിളിച്ചു പോന്നു. മൂപ്പര്‍ സി ഐ ആയപ്പോള്‍ റേറ്റ് ഇരട്ടിയായി. കാലാനുസൃതമായി ഇരട്ടപ്പേരും മാറി “ആയീരത്തില്‍ ഒരുവന്‍“

March 01, 2006 12:40 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

പുണ്യഭൂമിയില്‍ കാല്‍ വയ്ക്കുന്നതിനു മുന്‍പിദ്ദേഹം ചിറ്റൂര്‍ പ്രദേശത്തായിരുന്നു പണിഞ്ഞിരുന്നതു്‌.
ചിറ്റൂര്‍ കോളെജില്‍ ഒരു അടിപിടികലാപരിപാടി നടക്കുമ്പോള്‍ പാഞ്ഞു വന്ന ജീപ്പില്‍ നിന്നു തോക്കുമായി ചാടിയിറങ്ങിയ ഇദ്ദേഹം സന്മനസ്സുള്ളവര്‍ക്കു്‌ സമാധാനത്തിലെ ശ്രീനിവാസനെ ഓര്‍മ്മിപ്പിച്ചതിനാലും, കറുത്ത നിറമുള്ളതിനാലും 'ശ്രീനിവാസന്‍' എന്നൊരു പര്യായമുണ്ടാതായറിയാം ദേവാ.

March 01, 2006 1:05 AM  
Blogger Sreejith K. said...

കണ്ണൂസേ, ഇപ്പൊ കണ്ടു. ലിങ്ക് കൊള്ളാം. പിന്നെ a href="http://link/" കഴിഞ്ഞ് ഒരു target="_blank" എന്നും കൂടെ ഇട്ടോളൂ. അതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ ആ പേജ് പുതിയ വിന്‍ഡോയില്‍ തുറന്നോട്ടെ. ഇതു പക്ഷെ കമന്റില്‍ പ്രയോഗിക്കാന്‍ പറ്റില്ലാട്ടോ. പോസ്റ്റില്‍ മാത്രം.

പിന്നേ, ഈ ബ്ലോഗിന്റെ കളര്‍ ഒന്നു മാറ്റുമോ. കണ്ണ് അടിച്ചു പോകുന്നു.

March 01, 2006 1:38 AM  
Blogger സൂഫി said...

കണ്ണൂസെ ഇത്രേം ജി.കെ ഒള്ള എസ്സൈയോ?
സാക്ഷി, സ്വാർത്ഥാ എന്നെക്കൂടി ആരേലും ഇങ്ങോട്ടു ക്ഷണിക്കോ.. എനിക്കു ആവേശം മൂത്തു ഇരിക്കാന്മേലേ….

March 01, 2006 1:39 AM  
Blogger കണ്ണൂസ്‌ said...

എല്ലാവരുടേയും പ്രോത്‌സാഹനത്തിന്‌ വീണ്ടും അകമഴിഞ്ഞ നന്ദി..

ജിത്തേ, മെയിന്‍ പോസ്റ്റില്‍ link ഇടാന്‍ ഉള്ള വിദ്യയേ ഞാന്‍ പഠിച്ചുള്ളു. നേരത്തെ റിമാര്‍ക്കില്‍ link ഇടാന്‍ നോക്കിയിട്ട്‌ നടന്നില്ല. അതു കൂടി ആദ്യം പറഞ്ഞു താ. എന്നിട്ട്‌ പുതിയ ജനല്‍ തുറപ്പിക്കുന്ന കാര്യം പരീക്ഷിക്കാം.

സിദ്ധു, ഈ സംഭവം നടക്കുമ്പോള്‍ നീയായിരുന്നില്ലേ യൂണിയന്‍ ചെയര്‍മാന്‍? എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, ശ്രീരാമിന്റെ ഇപ്പൊഴത്തെ master piece ആയ solo fusion അവന്‍ ആദ്യമായി പരീക്ഷിച്ചത്‌ അന്നത്തെ എസ്‌.എന്‍. കോളേജ്‌ വേദിയില്‍ ആയിരുന്നു. ഈയിടെ ഗള്‍ഫ്‌ നാടുകളില്‍ നടന്ന കൈരളി പേജന്ററിയില്‍ ശ്രീരാം solo fusion അവതരിപ്പിച്ച്‌ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പിന്നെ, ശ്രീനിവാസന്‍ ശങ്കരനാരായണന്റെ ഇരട്ടപ്പേര്‍ ആയിരുന്നോ? എനിക്ക്‌ തോന്നുന്നത്‌ അത്‌ അയാള്‍ക്ക്‌ മുന്‍പുണ്ടായിരുന്ന എസ്‌.ഐ. സുന്ദരേശന്റെ വിളിപ്പേരായിരുന്നു എന്നാണ്‌. " ഞാന്‍ പല കുറ്റവാളികളേയും തല്ലിയിട്ടുണ്ട്‌. പക്ഷേ, അവരില്‍ മിക്കവരും നിരപരാധികള്‍ ആയിരുന്നു" എന്നിങ്ങനെ ചില ക്ലാസിക്‌ ശ്രീനിവാസന്‍ ഡയലോഗുകളുടെ ഉപജ്ഞാതാവായിരുന്നു ഇദ്ദേഹം. മണ്ണാര്‍ക്കാട്‌ ആയിരുന്നപ്പോള്‍, ഒരു ലോഡ്ജ്‌ മുറിയില്‍ വെച്ച്‌ കൈക്കൂലി കൊടുക്കാഞ്ഞതിന്‌ ആരേയോ വെടിവെച്ച്‌ ഒരു sensational case ഉണ്ടാക്കി dismissal തരപ്പെടുത്തിയെടുക്കുകയും ചെയ്തു ഈ മഹാന്‍.

March 01, 2006 3:07 AM  
Blogger ഉമേഷ്::Umesh said...

പെരിങ്ങോടരേ,

വാല്യക്കാര്‍ക്കു് ഒരു “ല” മതി. എന്നാലും, “വാല്ല്യക്കാര്‍” എന്നെഴുതിയാല്‍ അതു തെറ്റാണെന്നു പറയാനും വയ്യ. “വാല്ല്യക്കാര്‍” എന്നാണല്ലോ ഉച്ചരിക്കുന്നതു്. കൂട്ടക്ഷരത്തിന്റെ ആദ്യാക്ഷരം മിക്കപ്പോഴും ഇരട്ടിക്കുന്നതുകൊണ്ടു് അതു് എഴുതേണ്ടതില്ല എന്നതുകൊണ്ടാണു് നാം “വാല്യക്കാര്‍” എന്നെഴുതുന്നതു്. “കല്യാണം” എന്നും “കല്ല്യാണം” എന്നും എഴുതിക്കണ്ടിട്ടുണ്ടു്.

ഇതൊക്കെ ഒരു ശീലം മാത്രം. “ചക്രം” എന്നേ എഴുതിക്കണ്ടിട്ടുള്ളൂ. “ചക്ക്രം” എന്നു കണ്ടിട്ടില്ല. “പക്ഷി” എന്നേ കണ്ടിട്ടുള്ളൂ. “പക്ക്ഷി” എന്നു കണ്ടിട്ടില്ല. വായിക്കുന്നതുപോലെ എഴുതുകയാണെങ്കില്‍ അങ്ങനെ എഴുതുന്നതും ശരിയാണെന്നു പറയേണ്ടിവരും.

ഇതിന്റെ മറുവശവും മലയാളം മാഷന്മാര്‍ പറയാറുണ്ടു്. തത്ത്വം, മഹത്ത്വം തുടങ്ങിയവ രണ്ടു “ത” ഉപയോഗിച്ചു തന്നെ എഴുതണം; തത്വം, മഹത്വം എന്നു പോരാ എന്നു്. അവ തത്+ത്വം, മഹത്+ത്വം എന്നു സന്ധിചേര്‍ന്നതായതുകൊണ്ടാണു് ഇതു് എന്നും അവര്‍ പറഞ്ഞുപോന്നു. ഇടയ്ക്കു സംസ്കൃതത്തിന്റെ ചുവടുപിടിച്ചും, ഇടയ്ക്കു മലയാളത്തിന്റേതായ നിയമങ്ങള്‍ സ്വീകരിച്ചും മലയാളവ്യാകരണം വല്ലാതെ ചിന്താക്കുഴപ്പത്തില്‍ പെട്ടിട്ടുണ്ടു്.

കൂട്ടക്ഷരത്തിന്റെ ആദ്യവ്യഞ്ജനം ഒരു അതിഖരം (ഖ, ഛ, ഠ, ഥ, ഫ) ആയാല്‍ ഉച്ചാരണത്തില്‍ (വേണമെങ്കില്‍ എഴുത്തിലും) അതിനുമുമ്പിലുള്ള ഖരാക്ഷരം (ക, ച, ട, ത, പ) ആണു ചേരുന്നതു്. ഇരട്ടിക്കലല്ല. അതുപോലെ ഘോഷാക്ഷരം (ഘ, ഝ, ഢ, ധ, ഭ) ഇരട്ടിക്കുമ്പോള്‍ അതിനു മുമ്പുള്ള മൃദു (ഗ, ജ, ഡ, ദ, ബ) ആണു ചേരുന്നതു്.

ഉദാഹരണം:

അധ്യാപകന്‍ = അദ്ധ്യാപകന്‍
വിദ്യാര്‍ഥി = വിദ്യാര്‍ത്ഥി = വിദ്ദ്യാര്‍ത്ഥി

ഇവയില്‍ ചില രൂപങ്ങള്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ പ്രചാരത്തിലുണ്ടു്. അവയല്ലാത്തവയെക്കണ്ടാല്‍ തെറ്റാണെന്നു തോന്നും; പക്ഷേ, ആവണമെന്നില്ല.

നിയമങ്ങള്‍ നോക്കാന്‍ നിന്നാല്‍ ഒരു അന്തവുമില്ല. സിബുവിന്റെ acceptance theory-യോടു ഞാന്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.

March 01, 2006 7:40 AM  
Blogger ഉമേഷ്::Umesh said...

ശ്രീജിത്തേ,

ഏതു ബ്രൌസറിലും ലിങ്കില്‍ right-click ചെയ്താല്‍ Open in new window എന്നൊരു സാധനം വരുമല്ലോ. അപ്പോള്‍ പുതിയ വിന്‍ഡോയില്‍ വേണോ അതോ അതേ വിന്‍ഡോയില്‍ മതിയോ എന്നതു് ക്ലിക്കുന്നവനു വിട്ടുകൊടുക്കുന്നതല്ലേ നല്ലതു്?

പിന്നെ, target="_blank" എന്നതു standard അല്ല. ചില ബ്രൌസറുകളില്‍ അതു് target="_new_window" അല്ലെങ്കില്‍ target="_new" ആണു്. സാധാരണയായി, underscore-ല്‍ തുടങ്ങുന്ന ഒന്നും തന്നെ standard അല്ല.

March 01, 2006 7:46 AM  
Blogger അരവിന്ദ് :: aravind said...

:-)))
ഇതു വായിച്ചു ചിരിച്ചു ചത്തു.
കലക്കി കണ്ണൂസേ :-))

March 02, 2006 12:44 AM  
Blogger evuraan said...

കാണാന്‍ വൈകി. നന്നായിരിക്കുന്നു, കേട്ടോ..?

March 09, 2006 9:24 PM  
Blogger സ്വാര്‍ത്ഥന്‍ said...

പ്രിയപ്പെട്ട സൂഫീ,
പ്രതികരിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

ക്ഷണക്കത്തയക്കാന്‍ തന്റെ ഈമെയില്‍ വിലാസം വേണമായിരുന്നു.

സ്വാര്‍ത്ഥന്‍

March 10, 2006 9:19 PM  
Blogger Adithyan said...

“എല്ലാ പ്രശ്നങ്ങളും പറഞ്ഞൊതുക്കാന്‍ പറ്റിയ ഒരു കാരണവര്‍ നാവ്‌ ...” എന്നൊക്കെപ്പറഞ്ഞപ്പോ ആളെപ്പറ്റി ഒരൽപ്പം പ്രതീക്ഷിച്ചു പോയി...

അതോ “കള്ളുഷാപ്പുകള്‍ ഇല്ലാത്ത വഴിയായിരുന്നു യാത്ര എന്നു കൂടി പറഞ്ഞോട്ടെ.“ എന്നു വെറുതെ പറഞ്ഞതാണോ? :-)

March 15, 2006 6:13 AM  
Blogger Promod P P said...

താരേക്കാട്‌ ഗ്രാമത്തില്‍ ശ്രീരാം എന്ന് പേരായ ഒരു വിസില്‍ കച്ചേരിക്കാരന്‍ ഉണ്ടായിരുന്നു. വിസിലടിച്ച്‌ വാതാപി, ക്ഷീരസാഗര തുടങ്ങിയ കീര്‍ത്തനങ്ങള്‍ അവതരിപ്പിച്ച ഒരു ഭീകരന്‍.
അയാള്‍ക്ക്‌ ഗ്രാമത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പരമ സാത്വികനായ ഒരു പട്ടര്‍ നിഷ്ക്കളങ്കമായി നടത്തിയ ഒരു പ്രസ്താവന ഇപ്പോഴും ഓര്‍മ്മയുണ്ട്‌ പക്ഷെ ഇവിടെ എഴുതാന്‍ പറ്റില്ല

September 29, 2006 6:04 AM  
Blogger കണ്ണൂസ്‌ said...

ഏട്ടേ, വിസില്‍ കച്ചേരി നടത്തിയിരുന്ന താരേക്കാട്‌ കാരന്‍ ശ്രീകൃഷ്ണന്‍ അല്ലേ, ശ്രീരാം ആണോ?

October 10, 2006 4:15 AM  
Blogger Promod P P said...

കണ്ണൂസേ ആ ധീരന്റെ ശരിയായ നാമധേയം ശ്രീരാമകൃഷ്ണന്‍ എന്ന് തന്നെയാ. ശ്രീരാം എന്ന് ചുരുക്കി വിളിക്കും

ആ സ്വാമി പറഞ്ഞതിങ്ങനെ

ഇവന്‍ പേരു ശ്രീരാം,ആനാല്‍ കൂപ്പിടുവത്‌ കണ്ണന്‍
ആണ്ടവന്‍ എല്ലവങ്കള്‍ക്കും ഫ്ലൂട്ട്‌ കയ്യിലെ കൊടുത്തിട്ടാള്‍
ആനാല്‍ ഇവനു ..

അയ്യെ വേണ്ട

October 10, 2006 5:00 AM  

Post a Comment

<< Home