Monday, June 19, 2006

എന്റെ ആലയം

അക്വേഷ്യക്കാടിനിടയിലൂടെ വളഞ്ഞ് കയറ്റം കയറി പോകുന്ന പാകിയ ഇരട്ട പാതകള്‍ -
എത്രയോ വട്ടം ഈ പാതകളില്‍ കൂടി മുകളിലേയ്ക്കും താഴേയ്ക്കും…. ആവേശോജ്ജ്വലമായ സമരങ്ങള്‍, വിജയാഹ്ലാദപ്രകടനങ്ങള്‍, സംഘംചേര്‍ന്നുള്ള തല്ലുകൂടലുകള്‍…


ഇടത്തേ പാതയിലൂടെ പോയാല്‍ അക്വേഷ്യ മരങ്ങള്‍ക്കപ്പുറം കാണുന്ന ലേഡീസ് ഹോസ്റ്റല്‍ കെട്ടിടം -
ആ അക്വേഷ്യക്കാട്ടിനുള്ളില്‍ ചിലവഴിച്ച മണിക്കൂറുകള്‍… പഞ്ചാര ഗ്യാങ്ങുകള്‍, ചീട്ടു കളിക്കൂട്ടങ്ങള്‍, വെടി പറഞ്ഞിരുന്ന നിമിഷങ്ങള്‍…

വലത്തേ പാത മുകളിലെത്താറാവുമ്പോള്‍ ദൂരെയായി കാണുന്ന പ്ലാനറ്റോറിയത്തിന്റെ ഗ്ലോബ് -
സാങ്കേതിക ഉത്സവങ്ങളിലെ വീമ്പു പറച്ചിലുകള്‍, ഇല്ലാത്ത നക്ഷത്രങ്ങളെക്കുറിച്ചുള്ള മിന്നുന്ന കഥകള്‍, ആ ഗ്ലോബില്‍ ചാരിക്കിടന്ന് മാനം സ്വപ്നം കണ്ടുറങ്ങിയ യാമങ്ങള്‍

തണലിന്റെ തൂണുകളും വെയിലിന്റെ ഭിത്തികളും ഇടവിട്ടു വീണു കിടക്കുന്ന ഇടനാഴികള്‍-
തോളോടു തോളായി പലവട്ടം ആ ഇടനാഴികളുടെ നീളമളന്നത്, നടുവിലെ പേരമരത്തിനരികെ ഇരുന്നു ക്ലാസില്ലാത്ത സമയം കളഞ്ഞത്, ജീവിതത്തിന്റെ വീതി ആ ഇടനാഴിയുടെ വീതിയോടു തുല്യമായിരുന്ന കാലം. എത്ര നടന്നാലും തീരാത്തതായിരുന്നു ആ ഇടനാഴിയുടെ നീളം.

ഇടനാഴിയുടെ നടുവിലായി, ഒന്നാം നിലയിലേയ്ക്കുള്ള വിശാലമായ പടികള്‍ ഒരു വശത്ത് ആരംഭിയ്ക്കുന്ന ലോബി-
‘വിദ്യാര്‍ത്ഥിയൈക്യ…”ങ്ങളുടെ ഉത്ഭവസ്താനം. അവിടെ ഹാജര്‍ വെച്ചില്ലെങ്കില്‍ ജീവിതം അപൂര്‍ണ്ണമായിരുന്നു. അവിടെ നോട്ടീസ് പതിയ്ക്കപ്പെടാതിരുന്ന സംഭവങ്ങള്‍ അപ്രസക്തങ്ങളായിരുന്നു.

മെന്‍സ് ഹോസ്റ്റലില്‍ നിന്നും തുടങ്ങി, മുത്തശ്ശന്‍ മരങ്ങള്‍ ഇരുവശവും തണല്‍ വിരിച്ചു നില്‍ക്കുന്ന, വര്‍ക്ക്ഷോപ്പുകള്‍ക്കടുത്തു കൂടെയുള്ള പിന്‍പാത-
ആ തണലിലൂടെ വൈകിട്ട് ക്യാന്റീനിലേയ്ക്കുള്ള നടത്തം, എന്തിനെന്നറിയാത്ത പരീക്ഷണങ്ങള്‍ക്കായി വര്ക്‍ഷോപ്പുകള്‍ തേടി പോയതും ആ വഴി തന്നെ. കൂട്ടുകാരെ കയറ്റിവിടാനായി അവിടെ നിരയായി നിര്‍ത്തിയിരിയ്ക്കുന്ന ബസുകള്‍ക്കിടയിലൂടെ ഓടി നടന്ന എത്രയോ സായാഹ്നങ്ങള്‍.

പ്രധാന കെട്ടിടത്തിനും അക്വേഷ്യക്കാടിനപ്പുറത്തെ ലേഡീസ് ഹോസ്റ്റലിനും ഇടയിലായുള്ള മെക്ക്സ് കോര്‍ണര്‍ എന്ന മൂന്നുംകൂടിയ കവല-
തെമ്മാടിത്തരത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ ഇടം, കൌമാരമെന്ന ചങ്ങലയ്ക്കിടാത്ത ഭ്രാന്തിന്റെ കളിയരങ്ങ്‌…

മെക്ക്സ് കോര്‍ണറില്‍ നിന്നു നടന്ന്‌ പിന്‍പാതയിലേയ്കെത്തി ഒന്നു തിരിഞ്ഞാല്‍ കഫെറ്റീരിയ-
ഏഴു പേര്‍ കൂടി ‘ഒരു ചായയും 2 കടിയും’ പങ്കിടുന്ന, പെപ്സി ചോദിച്ചാല്‍ പോലും ‘ഒരു 17 മിനിട്ടില്‍ കമ്പോസ് ചെയ്തു തരാം സാര്‍’ എന്നു പറയുന്ന ആ കഫെറ്റീരിയാപാലകനുള്ള, അക്ഷയപാത്രം‍. കൈയിലൊരു ചില്ലി പോലുമില്ലാതെ വിശപ്പടക്കാന്‍ പറ്റുന്ന അപൂര്‍വ്വം സ്തലങ്ങളിലൊന്ന്‌.

ഒതുങ്ങിമാറി എല്ലാത്തില്‍ നിന്നും അകല്‍ന്നു നില്‍ക്കുന്ന ആര്‍ക്കിട്ടെക്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്-
ഇലക്ഷന്‍ സമയത്തു പ്രചാരണത്തിനായി മാത്രം മറ്റുള്ളവര്‍ എത്തിപ്പെടുന്ന, എന്നാല്‍ അഭൌമ സൌന്ദര്യധാമങ്ങളുടെ വാസസ്ഥലമായതിനാല്‍ എല്ലാവരുടെയും നോട്ടം എപ്പോഴുമെത്തുന്ന, അനുഗൃഹീത വരകളും കുറികളുമുള്ള കെട്ടിട സമുച്ചയം.

പ്രധാന കെട്ടിടത്തിന്റെ പിന്നില്‍ ലൈബ്രറിയുടെ മുന്നില്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍-
ആടാനും പാടാനും അര്‍മാദിയ്ക്കാനും ആര്‍പ്പു വിളിക്കാനും… അവിടെ കയറിയവനു സഭാകമ്പമില്ല, അവിടെ കയറാത്തവരായാരുമില്ല.

പിന്‍പാതയ്ക്കങ്ങേയറ്റത്തായി, സ്തിരബുദ്ധിയുള്ളവര്‍ കാലെടുത്തു വെയ്ക്കാന്‍ മടിയ്ക്കുന്ന/ഭയക്കുന്ന മെന്‍സ് ഹോസ്റ്റല്‍-
ബക്കറ്റ് പാര്‍ട്ടികള്‍, ഹോസ്റ്റല്‍ ഡേ ആഘോഷങ്ങള്‍, മന്ത്‌ലി ഡിന്നറുകള്‍, ക്രിക്കറ്റ് മത്സരങ്ങള്‍, ഫുട്ബോളിന്റെ പേരിലുള്ള തല്ലുകള്‍, എല്ലാ പ്രധാന തല്ലുകൂടലിന്റെയും മര്‍മ്മകേന്ദ്രം.

ഹോസ്റ്റലിലേയ്ക്കുള്ള പിന്‍പാതയുടെ സമീപത്തുള്ള കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്-
പഠനം ഒഴികെ എല്ലാം അവിടെ യഥേഷ്ടം നടന്നു പോന്നു. അധ്യാപ(പി)കനാ(യാ)ര് വിദ്യാര്‍ത്ഥി(നി)യാര്‍ എന്നു കാണുന്നവര്‍ക്കു സംശയമുണ്ടാക്കുന്നതു പോലെ വിരലിലെണ്ണാവുന്ന യുവ-വഴികാട്ടികള്‍. ആര്‍ക്കോ വേണ്ടി നടത്തപ്പെട്ടിരുന്ന വല്ലപ്പോഴും മാത്രമുള്ള ക്ലാസുകള്‍, അവിടെ എന്തിനോ വേണ്ടി ചെന്നിരുന്ന ഞങ്ങള്‍.

ക്രിക്കറ്റിന്റെ മെക്കയുടെ നാമധാരിയായ ഭോജനാലയം -
അവിടെ നുണഞ്ഞ ഐസ്‌ക്രീമുകള്‍, തൊണ്ട തൊടാതെ വിഴുങ്ങിയ ബിരിയാണികള്‍, കൊത്തു പൊറോട്ട, ചില്ലി ബീഫ്…

ഇനിയുമെത്രയോ ഓര്‍മ്മകള്‍… വെള്ളം കാണാത്ത ഫൌണ്ടന്‍, ആഴമറിയാത്ത കുളം, ഓണാഘോഷങ്ങള്‍ക്കു നിറച്ചാര്‍ത്തണിയിക്കുന്ന കണിക്കൊന്ന, അടുത്തുള്ള കടകള്‍, ആ ഭീ‍മന്‍ ഗെയ്റ്റുകള്‍, ബൈക്കു വെച്ചുകൊണ്ടിരുന്ന ആ പേരമരച്ചുവട്...

അവിടെ ഞാന്‍ തേടിയതും നേടിയതും വിദ്യ മാത്രമായിരുന്നില്ല… അവിടെ ഞാന്‍ മറന്നു വെച്ചിട്ടു പോന്നത് എന്റെ ജീവിതമാണ്….