Monday, June 19, 2006

എന്റെ ആലയം

അക്വേഷ്യക്കാടിനിടയിലൂടെ വളഞ്ഞ് കയറ്റം കയറി പോകുന്ന പാകിയ ഇരട്ട പാതകള്‍ -
എത്രയോ വട്ടം ഈ പാതകളില്‍ കൂടി മുകളിലേയ്ക്കും താഴേയ്ക്കും…. ആവേശോജ്ജ്വലമായ സമരങ്ങള്‍, വിജയാഹ്ലാദപ്രകടനങ്ങള്‍, സംഘംചേര്‍ന്നുള്ള തല്ലുകൂടലുകള്‍…


ഇടത്തേ പാതയിലൂടെ പോയാല്‍ അക്വേഷ്യ മരങ്ങള്‍ക്കപ്പുറം കാണുന്ന ലേഡീസ് ഹോസ്റ്റല്‍ കെട്ടിടം -
ആ അക്വേഷ്യക്കാട്ടിനുള്ളില്‍ ചിലവഴിച്ച മണിക്കൂറുകള്‍… പഞ്ചാര ഗ്യാങ്ങുകള്‍, ചീട്ടു കളിക്കൂട്ടങ്ങള്‍, വെടി പറഞ്ഞിരുന്ന നിമിഷങ്ങള്‍…

വലത്തേ പാത മുകളിലെത്താറാവുമ്പോള്‍ ദൂരെയായി കാണുന്ന പ്ലാനറ്റോറിയത്തിന്റെ ഗ്ലോബ് -
സാങ്കേതിക ഉത്സവങ്ങളിലെ വീമ്പു പറച്ചിലുകള്‍, ഇല്ലാത്ത നക്ഷത്രങ്ങളെക്കുറിച്ചുള്ള മിന്നുന്ന കഥകള്‍, ആ ഗ്ലോബില്‍ ചാരിക്കിടന്ന് മാനം സ്വപ്നം കണ്ടുറങ്ങിയ യാമങ്ങള്‍

തണലിന്റെ തൂണുകളും വെയിലിന്റെ ഭിത്തികളും ഇടവിട്ടു വീണു കിടക്കുന്ന ഇടനാഴികള്‍-
തോളോടു തോളായി പലവട്ടം ആ ഇടനാഴികളുടെ നീളമളന്നത്, നടുവിലെ പേരമരത്തിനരികെ ഇരുന്നു ക്ലാസില്ലാത്ത സമയം കളഞ്ഞത്, ജീവിതത്തിന്റെ വീതി ആ ഇടനാഴിയുടെ വീതിയോടു തുല്യമായിരുന്ന കാലം. എത്ര നടന്നാലും തീരാത്തതായിരുന്നു ആ ഇടനാഴിയുടെ നീളം.

ഇടനാഴിയുടെ നടുവിലായി, ഒന്നാം നിലയിലേയ്ക്കുള്ള വിശാലമായ പടികള്‍ ഒരു വശത്ത് ആരംഭിയ്ക്കുന്ന ലോബി-
‘വിദ്യാര്‍ത്ഥിയൈക്യ…”ങ്ങളുടെ ഉത്ഭവസ്താനം. അവിടെ ഹാജര്‍ വെച്ചില്ലെങ്കില്‍ ജീവിതം അപൂര്‍ണ്ണമായിരുന്നു. അവിടെ നോട്ടീസ് പതിയ്ക്കപ്പെടാതിരുന്ന സംഭവങ്ങള്‍ അപ്രസക്തങ്ങളായിരുന്നു.

മെന്‍സ് ഹോസ്റ്റലില്‍ നിന്നും തുടങ്ങി, മുത്തശ്ശന്‍ മരങ്ങള്‍ ഇരുവശവും തണല്‍ വിരിച്ചു നില്‍ക്കുന്ന, വര്‍ക്ക്ഷോപ്പുകള്‍ക്കടുത്തു കൂടെയുള്ള പിന്‍പാത-
ആ തണലിലൂടെ വൈകിട്ട് ക്യാന്റീനിലേയ്ക്കുള്ള നടത്തം, എന്തിനെന്നറിയാത്ത പരീക്ഷണങ്ങള്‍ക്കായി വര്ക്‍ഷോപ്പുകള്‍ തേടി പോയതും ആ വഴി തന്നെ. കൂട്ടുകാരെ കയറ്റിവിടാനായി അവിടെ നിരയായി നിര്‍ത്തിയിരിയ്ക്കുന്ന ബസുകള്‍ക്കിടയിലൂടെ ഓടി നടന്ന എത്രയോ സായാഹ്നങ്ങള്‍.

പ്രധാന കെട്ടിടത്തിനും അക്വേഷ്യക്കാടിനപ്പുറത്തെ ലേഡീസ് ഹോസ്റ്റലിനും ഇടയിലായുള്ള മെക്ക്സ് കോര്‍ണര്‍ എന്ന മൂന്നുംകൂടിയ കവല-
തെമ്മാടിത്തരത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ ഇടം, കൌമാരമെന്ന ചങ്ങലയ്ക്കിടാത്ത ഭ്രാന്തിന്റെ കളിയരങ്ങ്‌…

മെക്ക്സ് കോര്‍ണറില്‍ നിന്നു നടന്ന്‌ പിന്‍പാതയിലേയ്കെത്തി ഒന്നു തിരിഞ്ഞാല്‍ കഫെറ്റീരിയ-
ഏഴു പേര്‍ കൂടി ‘ഒരു ചായയും 2 കടിയും’ പങ്കിടുന്ന, പെപ്സി ചോദിച്ചാല്‍ പോലും ‘ഒരു 17 മിനിട്ടില്‍ കമ്പോസ് ചെയ്തു തരാം സാര്‍’ എന്നു പറയുന്ന ആ കഫെറ്റീരിയാപാലകനുള്ള, അക്ഷയപാത്രം‍. കൈയിലൊരു ചില്ലി പോലുമില്ലാതെ വിശപ്പടക്കാന്‍ പറ്റുന്ന അപൂര്‍വ്വം സ്തലങ്ങളിലൊന്ന്‌.

ഒതുങ്ങിമാറി എല്ലാത്തില്‍ നിന്നും അകല്‍ന്നു നില്‍ക്കുന്ന ആര്‍ക്കിട്ടെക്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്-
ഇലക്ഷന്‍ സമയത്തു പ്രചാരണത്തിനായി മാത്രം മറ്റുള്ളവര്‍ എത്തിപ്പെടുന്ന, എന്നാല്‍ അഭൌമ സൌന്ദര്യധാമങ്ങളുടെ വാസസ്ഥലമായതിനാല്‍ എല്ലാവരുടെയും നോട്ടം എപ്പോഴുമെത്തുന്ന, അനുഗൃഹീത വരകളും കുറികളുമുള്ള കെട്ടിട സമുച്ചയം.

പ്രധാന കെട്ടിടത്തിന്റെ പിന്നില്‍ ലൈബ്രറിയുടെ മുന്നില്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍-
ആടാനും പാടാനും അര്‍മാദിയ്ക്കാനും ആര്‍പ്പു വിളിക്കാനും… അവിടെ കയറിയവനു സഭാകമ്പമില്ല, അവിടെ കയറാത്തവരായാരുമില്ല.

പിന്‍പാതയ്ക്കങ്ങേയറ്റത്തായി, സ്തിരബുദ്ധിയുള്ളവര്‍ കാലെടുത്തു വെയ്ക്കാന്‍ മടിയ്ക്കുന്ന/ഭയക്കുന്ന മെന്‍സ് ഹോസ്റ്റല്‍-
ബക്കറ്റ് പാര്‍ട്ടികള്‍, ഹോസ്റ്റല്‍ ഡേ ആഘോഷങ്ങള്‍, മന്ത്‌ലി ഡിന്നറുകള്‍, ക്രിക്കറ്റ് മത്സരങ്ങള്‍, ഫുട്ബോളിന്റെ പേരിലുള്ള തല്ലുകള്‍, എല്ലാ പ്രധാന തല്ലുകൂടലിന്റെയും മര്‍മ്മകേന്ദ്രം.

ഹോസ്റ്റലിലേയ്ക്കുള്ള പിന്‍പാതയുടെ സമീപത്തുള്ള കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്-
പഠനം ഒഴികെ എല്ലാം അവിടെ യഥേഷ്ടം നടന്നു പോന്നു. അധ്യാപ(പി)കനാ(യാ)ര് വിദ്യാര്‍ത്ഥി(നി)യാര്‍ എന്നു കാണുന്നവര്‍ക്കു സംശയമുണ്ടാക്കുന്നതു പോലെ വിരലിലെണ്ണാവുന്ന യുവ-വഴികാട്ടികള്‍. ആര്‍ക്കോ വേണ്ടി നടത്തപ്പെട്ടിരുന്ന വല്ലപ്പോഴും മാത്രമുള്ള ക്ലാസുകള്‍, അവിടെ എന്തിനോ വേണ്ടി ചെന്നിരുന്ന ഞങ്ങള്‍.

ക്രിക്കറ്റിന്റെ മെക്കയുടെ നാമധാരിയായ ഭോജനാലയം -
അവിടെ നുണഞ്ഞ ഐസ്‌ക്രീമുകള്‍, തൊണ്ട തൊടാതെ വിഴുങ്ങിയ ബിരിയാണികള്‍, കൊത്തു പൊറോട്ട, ചില്ലി ബീഫ്…

ഇനിയുമെത്രയോ ഓര്‍മ്മകള്‍… വെള്ളം കാണാത്ത ഫൌണ്ടന്‍, ആഴമറിയാത്ത കുളം, ഓണാഘോഷങ്ങള്‍ക്കു നിറച്ചാര്‍ത്തണിയിക്കുന്ന കണിക്കൊന്ന, അടുത്തുള്ള കടകള്‍, ആ ഭീ‍മന്‍ ഗെയ്റ്റുകള്‍, ബൈക്കു വെച്ചുകൊണ്ടിരുന്ന ആ പേരമരച്ചുവട്...

അവിടെ ഞാന്‍ തേടിയതും നേടിയതും വിദ്യ മാത്രമായിരുന്നില്ല… അവിടെ ഞാന്‍ മറന്നു വെച്ചിട്ടു പോന്നത് എന്റെ ജീവിതമാണ്….

25 Comments:

Blogger അരവിന്ദ് :: aravind said...

നന്നായിട്ടുണ്ട് ആദിത്യാ. :-)

June 19, 2006 11:02 PM  
Blogger ചില നേരത്ത്.. said...

ജീവിതത്തിന്റെ വീതി ആ ഇടനാഴിയുടെ വീതിയോടു തുല്യമായിരുന്ന കാലം. എത്ര നടന്നാലും തീരാത്തതായിരുന്നു ആ ഇടനാഴിയുടെ നീളം.
ക്യാമ്പസിനെ വരച്ചു കാട്ടാന്‍ ഇതിലും നല്ലൊരു വിശേഷണം ഇല്ല..അത്രയ്ക്കധികം വ്യക്തമാണീ വാക്കുകള്‍.
വാക്കുകളില്‍ മനോഹരമായ ഒരു ക്യാമ്പസ് ചിത്രം വരച്ച് കാട്ടിയിരിക്കുന്നു.

June 20, 2006 6:03 AM  
Blogger ശ്രീജിത്ത്‌ കെ said...

എനിക്കും നോവാള്‍ജിയ.

വീട് കഴിഞ്ഞാല്‍ ഇപ്പോഴും ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം എന്റെ പഴയ കലാലയം തന്നെ. എന്റെ സ്വന്തം മഹാരാജാസ്...

June 20, 2006 6:08 AM  
Anonymous achinthya said...

ഈ കളഞ്ഞു പോയ ജീവ്വിതം തിരിച്ചു കിട്ട്വോ ന്നൊരു പരീക്ഷണത്തിനാവും ല്ലേ നമ്മള്‍ വയസ്സുകാലത്തും ആ കോഴ്സ് , ഈ ഡൊക്റ്ററേറ്റ് ,ന്നൊക്ക്ക്കെ പറഞ്ഞു പിന്നേം പിന്നേം ആ പഴേ ബെഞ്ച് തിരിച്ചു പിടിക്കാന്‍ നോക്കണേല്ലെ.

ഒരു പക്ഷേ വാദ്ധ്യാരിണി വേഷം കെട്ടീട്ടും ഇടന്നാഴികളില്‍ ഞാന്‍ തിരയണത് ആ പഴയ പാവാടക്കാരീനെ തന്നെ. (അന്നൊക്കെ പാവാട മല്യാലി സമാജത്തിന്‍റെ ഓണാഘോഷത്തിന് മാത്രം ഉപയോഗിക്കണ എത്‌നിക് അറ്റയര്‍‍ ആയിരുന്ന്നില്ല്യാട്ടൊ )

സ്വസ്തി ഹേ സൂര്യ തേ സ്വസ്തി !

June 20, 2006 8:27 AM  
Blogger സ്വാര്‍ത്ഥന്‍ said...

അഞ്ച് വര്‍ഷം കോളേജില്‍ പടിച്ചിട്ട് അഞ്ച് ദിവസം പോലും മുടങ്ങിയത് ഓര്‍മ്മയില്ല. എന്നാലും ഓരോ വര്‍ഷാവസാനവും ‘ഷോര്‍ട്ടേജ്’ എന്ന പ്രഹേളിക...

ഹൊ, നൊവാള്‍ജിയ. നൊവാള്‍ജിയ........

June 20, 2006 9:33 AM  
Anonymous ആനന്ദ് said...

ആദിത്യാ...ഇമ്മടെ CET, അതല്ലേ നീ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്. വായിച്ചപ്പോള്‍ ഓര്‍മ്മയുടെ മൂടുപടം നീക്കി പലതും എന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന പോലെ ഒരു ഫീലിങ്ങ്...നന്ദി ഇത് എഴുതിയതിന്!!

June 20, 2006 1:03 PM  
Blogger ഉമേഷ്::Umesh said...

അവിടെവിടോ ഒരു സണ്‍‌ഡയലില്ലേ ആദിത്യോ? ഇടത്തുവശത്തൂടെ കയറുന്ന വഴിയില്‍?

രാത്രിയില്‍ സമയമറിയാന്‍ ഒരുത്തന്‍ അതീല്‍ ടോര്‍ച്ചടിച്ചു നോക്കിയെന്നു കേള്‍ക്കുന്നതു നേരാണോ? അതു് ആദിത്യനാണോ?

June 20, 2006 1:11 PM  
Blogger Adithyan said...

ഇന്നലെ കയ്യില് താക്കോലില്ലാതെ കുറച്ചു നേരം വീടിനടുത്തുള്ള ഒരു പാര്‍ക്കില്‍ പോയിരിയ്ക്കേണ്ടി വന്നു. പാര്‍ക്കിലെ ഫൌണ്ടനും പിന്നെ അതിനടുത്തു ചില യുവമിഥുനങ്ങളെയും കണ്ടപ്പോള്‍ നോവാള്‍ജിയ മനസില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ബാഗില്‍ ലാപ്പ്ടോപ്പുണ്ടായിരുന്നു. പിന്നെ ഒട്ടും മടിച്ചില്ല...

അരവിന്ദേ, നന്ദിയുണ്ട് ഗഡീ.

ഇബ്രൂ,
ഇതു ഞാന്‍ നാലു വര്‍ഷം ‘ജീവിച്ച‘ സ്തലം... ഓര്‍മ്മകളില്‍ ഏറ്റവും പച്ച പിടിച്ചു നില്‍ക്കുന്ന കാലം. അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ മറക്കുമെന്നു തോന്നുന്നില്ല.

ശ്രീ,
ക്യാമ്പസ് നമുക്കൊക്കെ അല്‍പ്പം നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മ്മ. നഷ്ടസ്വപ്നങ്ങളേ...

ഉമേച്ചി,
ആ പഴയ ബെഞ്ചു തിരിച്ചു പിടിക്കാന്‍ പറ്റുമോ? ആ ബെഞ്ചുകളല്ലേ ബാക്കിയുള്ളു, ആ കാലം പൊയ്പ്പോയ കാലം. എന്നാലും എപ്പൊഴെങ്കിലും ‘ആ കോഴ്സ് , ഈ ഡൊക്റ്ററേറ്റ് ,ന്നൊക്ക്ക്കെ പറഞ്ഞു‘ ഒന്നു ശ്രമിച്ചു നോക്കണം.

സ്വസ്തി!

സ്വാര്‍ത്ഥാ,
താങ്കളെങ്കിലും ഇതിനു പ്രതികരിയ്ക്കുമെന്നറിയാമായിരുന്നു. കട്ട് ചെയ്യാന്‍ ആവശ്യത്തിനു ക്ലാസ് ടീച്ചേഴ്സ് എടുക്കിന്നില്ലെന്നു കണ്ടപ്പോ ട്യൂഷനു ചേര്‍ന്ന് അവിടെ കട്ട് ചെയ്തതോര്‍മ്മ വരുന്നു. എനിയ്ക്കു ശരിയ്ക്കും നോവാള്‍ജിയ തന്നെ.

ആനന്ദ്,
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ആ ഓര്‍മ്മകളില് ജീവിയ്ക്കുന്നവനാണിവന്‍ :-)


ഉമേഷ്ജീ,
ഞാന് ഇത്രയ്ക്കു കഷ്ടപ്പെട്ട് നോവാള്‍ജിയ ഒക്കെ എഴുതിയുണ്ടാക്കിയപ്പോ,.. :-) അടുത്ത ഗുരുകുലം പോസ്റ്റിന് ആദ്യ ഓഫ്‌ടോ എന്റെ വക :-)

അറിയാം… വേറെ ആരെങ്കിലും ഇതെഴുതിയാല്‍ ചിലപ്പോ ഞാനും പറയും… :-)

ഈ പറഞ്ഞ സണ് ഡയല്‍ ഞാന്‍ കണ്ടിട്ടില്ല കേട്ടോ… എവിടെയോ ഉണ്ടെന്നു കേട്ടിട്ടുണ്ട്… ഒരുപാടു പണ്ട് ആരോ ടോര്‍ച്ചടിച്ചെന്നോ സമയം കണ്ടില്ലെന്നും പറഞ്ഞ് അതു തല്ലിപ്പൊട്ടിച്ചു കളഞ്ഞെന്നോ… ;-)

June 20, 2006 8:39 PM  
Blogger വക്കാരിമഷ്‌ടാ said...

നോവാള്‍‌ജിയ (കഃട് - ദേവേട്ടന്‍) തന്നെ... യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ മൂന്നും പിന്നെയുള്ള ഒരു ഒന്നരക്കൊല്ലവുമായിരുന്നു ഹോസ്റ്റലില്‍.. ആദ്യകാലങ്ങളിലൊക്കെ എല്ലാ വെള്ളിയാഴ്‌ചയും കെട്ടും പെറുക്കി ഓടുമായിരുന്നു, വീട്ടിലേക്ക്. അങ്ങിനെ ഒത്തിരിയൊത്തിരി മിസ്സായി. ആസ്വദിച്ചു വന്നപ്പോഴേക്കും കോഴ്‌സും തീര്‍ന്നു..

ആദിത്യോ, നന്നായെഴുതിയിരിക്കുന്നു.

June 20, 2006 9:09 PM  
Anonymous Anonymous said...

ഇതു സി.ഇ.റ്റി യാ? ഹൊ! സി.ഇ.റ്റി യിലെ ചേട്ടന്മാരെ ക്കുറിച്ച് എന്തോരം ഞങ്ങള്‍ വിമന്‍സ് കോള്ളേജില്‍ ഉള്ള പെമ്പിള്ളേര്‍ സ്വപ്നം കണ്ടിട്ടുണ്ടു എന്നു വല്ലോം നിങ്ങക്കു അറിയോ?

‘റോയല്‍ മെക്ക്‘ എന്നു, ഏതിലാണു ഡിഗ്രീ എടുത്തെ എന്നു എന്നെ പെണ്ണു കാണാന്‍ വന്നപ്പോള്‍ കണവന്‍ അപ്പനോടു തെല്ലൊരു അഹങ്കാരത്തോടെ പറഞ്ഞതു കേട്ടു കൊരിത്തരിച്ചു,ആ ഒരൊറ്റ ആന്‍സെറില്‍ കര്‍ട്ടനു പുറകില്‍ നിന്നു ഞാന്‍ വീണു പോയി.

ഇത്രേം വര്‍ഷം കഴിഞ്ഞിട്ടും, ഈ ചെക്കനു റോയല്‍ ചേര്‍ക്കാണ്ടു ഇപ്പളും പറയാന്‍ പറ്റണില്ല്യാന്നു ഓര്‍ത്തപ്പോള്‍ എനിക്കാകെ ഒരു ഇളക്കം......
അച്ഛനും അമ്മക്കും സമ്മതമാണേങ്കില്‍...എന്നു ഞാന്‍ വീട്ടുകാരോടു മൊഴിഞ്ഞു...:-)

ഹൊ!..എന്തൊരു നല്ല പോസ്റ്റു...
തമിഴില്‍ ഒരു ഉഗ്രന്‍ പാട്ടുണ്ടു...

“പസുമൈ നിറന്ത നിനൈവുകളെ...
പാടിപറന്ത പറവകളേ.....”

സൂപ്പര്‍ പാട്ടാണതു..ഫോര്‍ കോളെജ് മെമ്മറീസ്..

നെഞ്ചിനുള്ളില്‍ ഇപ്പോള്‍ തോന്നുന്ന ഒരു ചെറു നൊമ്പരമാണൊ നൊസ്റ്റാള്‍ജിയാന്നു ഈ എല്ലാരും പറേണതു?

June 20, 2006 10:06 PM  
Blogger പെരിങ്ങോടന്‍ said...

ഞാന്‍ ശബ്ദം നഷ്ടപ്പെട്ടവന്‍. എങ്കിലും പറയാതെ വയ്യ, കലാലയജീവിതം ആദിത്യനോളം ആസ്വദിച്ച മറ്റൊരാളെയും എനിക്കു പരിചയമില്ല. “ജീവിതത്തിന്റെ വീതി ആ ഇടനാഴിയുടെ വീതിയോടു തുല്യമായിരുന്ന കാലം. എത്ര നടന്നാലും തീരാത്തതായിരുന്നു ആ ഇടനാഴിയുടെ നീളം.” എന്നെഴുതുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടുതുടങ്ങുന്നു; പിന്നെയതു് അപൂര്‍ണ്ണമായി നിന്നുപോകുന്നു - തുടര്‍ന്നു വായിച്ച പല വരികളോടും താദാത്മ്യം പ്രാപിക്കുവാന്‍ ഒന്നും എന്റെ സ്വപ്നങ്ങളില്‍പ്പോലുമില്ല.

June 20, 2006 10:56 PM  
Blogger ഉമേഷ്::Umesh said...

ആദിത്യന്‍ CET-യുടെ പല കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വിട്ടുപോയ സണ്‍‌ഡയലിന്റെ കാര്യം പറഞ്ഞതെങ്ങനെ ഓഫ്‌ടോപ്പിക്കാവും? ഞങ്ങളുടെ കാലത്തതവിടെയുണ്ടായിരുന്നു. ആദിത്യന്‍ പയ്യനാണല്ലേ...

റോഡിന്റെ മറുവശത്തൊരു കത്തി റെസ്റ്റോറന്റുണ്ടായിരുന്നല്ലോ, പേരു മറന്നുപോയി...

1990-ല്‍ അവിടെ M.Tech. -നു പഠിച്ചിരുന്നു ഞാന്‍. ശ്രീകാര്യത്തു് എബനേസര്‍ ലോഡ്‌ജില്‍ താമസം. വരമ്പില്‍ക്കൂടി നടന്നു് അമ്പലത്തിന്റെ സൈഡില്‍ക്കൂടി ക്യാമ്പസ്സിലേക്കു കടക്കും. സമരമോ എന്തു കുന്തമോ വന്നാലും ഡിപ്പാര്‍ട്ട്മെന്റിലെ ഒരു മൂലയ്ക്കോ കമ്പ്യൂട്ടര്‍ സെന്ററിലോ അടങ്ങിയൊതുങ്ങിയിരുന്നു കാലം കഴിച്ചു. അതുകൊണ്ടു് ആദിത്യന്‍ പറയുന്ന CET പരിചയമില്ല.

പക്ഷേ അതിനും ഏതാനും വര്‍ഷം മുമ്പു് ക്യോഴിക്കോടാറീസിയില്‍ വന്നാല്‍ കാണാം കളി. ടണ്‍ കണക്കിനല്ലേ നോവാല്‍ജിയ..

ഒരുപാതി ക്യാമ്പസ്സില്‍ കാന്റീനും എം. സീം*,
മറുപാതി ക്യാമ്പസ്സില്‍ എല്ലെച്ചും വാലീം,
മലയാളനാടിന്റെ മണമുള്ള കാറ്റും
കുത്താനായ് വന്നവനോ പുസ്തകമിട്ടോടി.. .


*MC: Mini Canteen

(ചങ്ങമ്പുഴയുടെ ഒരു കവിതയുടെ ഒരു അസഭ്യപാരഡിയുടെ ഒരു സഭ്യപാരഡി)

June 20, 2006 11:32 PM  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

ആദിത്യാ,

മനോഹരം എന്നു മാത്രം പറഞ്ഞുവയ്ക്കട്ടേ...

ഇബ്രുവും പെരിങ്ങോടനും പറഞ്ഞതുപോലെ, ആ വരികളില്‍ ഉണ്ട്‌, എല്ലാം...

ഓരോരുത്തരും കാണുന്നതു പലതെങ്കിലും ആര്‍ക്കും ഒന്നും, മറക്കാനാകില്ലെന്നുമറിയുന്നു ഞാന്‍...

ജീവിതത്തെ ഒത്തിരി സ്നേഹിച്ചിരുന്ന, അഥവാ, യത്ഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടം വീണ്ടും ഓര്‍മ്മയിലുണര്‍ത്തിയതിനു നന്ദി :)

June 21, 2006 12:24 AM  
Blogger കണ്ണൂസ്‌ said...

സി.ഇ.ടി.യില്‍ പഠിച്ചിട്ടില്ലെങ്കിലും, ഒരുപാടു തവണ വന്നിട്ടുണ്ട്‌. 89-93 കാലത്ത്‌ പഠിച്ചിരുന്ന ഒരു കസിന്റെ കെയര്‍ഓഫില്‍.

നല്ല വിവരണം ആദീ.

June 21, 2006 2:15 AM  
Blogger കുറുമാന്‍ said...

ആദിത്യോ, കലാലയങ്ങളെ തീരെ പരിചയമില്ലാന്നങ്ങട്ട് പറയാന്‍ പറ്റില്ല എങ്കിലും, കലാലയ ഓര്‍മ്മകള്‍ വിവരിക്കണ ആ രീതി അപാരം. എന്തൊക്കേയോ നഷ്ടപെട്ടതിന്റെ ദുഖം ഉള്ളില്‍ ഒരു വിങ്ങലായി നിറയുന്നു.

പാരലല്‍ കോളേജില്‍ പഠീച്ചിരുന്ന എനിക്ക്, കലാലയ ഓര്‍മ്മകള്‍, മുച്ചീട്ടും, പന്നിമലത്തും, പിന്നെ അപ്പുറത്തേം, ഇപ്പുറത്തേം പറമ്പിലെ, കൊള്ളി പറിക്കലും, തേങ്ങയും, ചക്കയും, കല്ലെറിഞ്ഞു വീഴ്ത്തല്‍ മത്സരങ്ങളും മാത്രം.

June 21, 2006 2:31 AM  
Blogger മുല്ലപ്പൂ || Mullappoo said...

മനോഹരമായി എഴുതിയിരിക്കുന്നു..
കോളേജില്‍ പൊയി.. ഞാനും.. ഈ നിമിഷം..

June 21, 2006 3:54 AM  
Blogger Adithyan said...

വക്കാരി ഒരുപാടു നാള്‍ യൂണിയില്‍ പടിച്ചല്ലോ... ആദ്യത്തെ മൂന്ന്, പിന്നത്തെ രണ്ട് , അവസാനത്തേന്റെ തൊട്ടു മുന്നത്തെ.... :) താങ്ക്സ് ഘഡീ...


എല്‍ജിച്ചേച്ചീ,
സി.ഇ.റ്റി യിലെ ചേട്ടന്മാരെ ക്കുറിച്ച് എന്തോരം ഞങ്ങള്‍ വിമന്‍സ് കോള്ളേജില്‍ ഉള്ള പെമ്പിള്ളേര്‍ സ്വപ്നം കണ്ടിട്ടുണ്ടു എന്നു വല്ലോം നിങ്ങക്കു അറിയോ?

ഒരു വാക്ക്... ആരേലും ഒരു വാക്കൊന്നു പറഞ്ഞിരുന്നെങ്കില്‍... :-(

റൊയല്‍ മെക്ക്സ്, കോമ്സ്‌ക്കീസ്, ട്രോണിക്‌സ്, ഈഗിള്‍സ്, സിവിലിയന്‍സ്... ഹോ... എന്തൊക്കെയാരുന്നു...

പെരിങ്ങോടാ,
ഓവര്‍ ആയെന്നറിയാം... പക്ഷെ ആ എഴുതിയതൊക്കെ സത്യമായും എന്റെ തോന്നലുകളാണ്... അവിടുത്തെ എന്റെ സുഹൃത്ത്സംഘം എനിക്കു തന്നത് ഒരു ജീവിതകാലത്തേയ്ക്കുള്ള ഓര്‍മ്മകളാണ്... ആ ഓര്‍മ്മകളില്‍ മുഴകുന്നത് ഒരുപാടായപ്പോള്‍ ‘ഭൂതകാലത്തില്‍ ജീവിക്കുന്ന ഭൂതം‘ എന്നു എന്നെ ഒരു ചങ്ങാതി വിളിച്ചിട്ടുണ്ട്.

ഉമേഷ്ജീ ചൂടാവല്ലേ... ഞാന്‍ തമാശ പറഞ്ഞതാണേയ്... കുത്തും വരയും ( : ) ) ആവശ്യത്തിനിട്ടിട്ടുണ്ടേ... ആ പോരട്ടെ പോരട്ടെ ആ ആറീസീ കഥകള്‍ ഒടിഞ്ഞു പോരട്ടെ.

June 21, 2006 7:58 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

താങ്ക്സ് ഘഡീ...“
ആദി ദേ വീണ്ടും കടീ കടീ ന്നു പറഞ്ഞു കരയുന്നു.. വക്കാരീ, ഉമേഷ്ജീ ഇതൊന്നും കാണുന്നില്ലേ? ഇന്നലെ മൃഗരാജകടിതന്നെ വാഗ്ദാനം ചെയ്ത അങ്ങെവിടേ?

June 21, 2006 8:11 PM  
Blogger Adithyan said...

മഴനൂല്‍,
നല്ല വാക്കുകള്‍ക്കു നന്ദി...

യത്ഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടം

സത്യം... ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും ടെന്‍ഷന്‍ ഇല്ലാതെ, എല്ലാം വരുന്നിടത്തു കാണാം എന്നും പറഞ്ഞ്‌, ഇല്ലാത്ത പ്രശ്നങ്ങള്‍ ഒക്കെ കുത്തിപ്പൊക്കി, പിന്നെ അതൊക്കെ സോള്‍വ് ചെയ്ത്....

കണ്ണൂസ്,
അവിടെ പഠിച്ചു എന്നതിനേക്കാള്‍ അവിടെ ആയിരുന്നു എന്നതിനാണു പ്രാധാന്യം... പഠിച്ചു എന്നതു വെറുമൊരെ ‘ഇമ്മെറ്റീരിയല്‍ ഡീറ്റെയില്‍‘
അപ്പോ അടുത്ത കോളേജീന്നൊക്കെ വന്ന കണ്ണൂസിനെപ്പോലെയുള്ളവരും എന്റെ നൊസ്റ്റാള്‍ജിയായുടെ ഭാഗമാണ്... (എനിക്കു വട്ടു തന്നെ :))

കുറുമാനേ,
ഇവിടെ ഞാന്‍ കെട്ടിടവും പറമ്പും വിസ്തരിച്ചെങ്കിലും ഞാന്‍ ഉദ്ദേശിച്ചത് അവിടെ ഞാന്‍ ചെയ്ത ‘മുച്ചീട്ടും, പന്നിമലത്തും, പിന്നെ അപ്പുറത്തേം, ഇപ്പുറത്തേം പറമ്പിലെ, കൊള്ളി പറിക്കലും, തേങ്ങയും, ചക്കയും, കല്ലെറിഞ്ഞു വീഴ്ത്തല്‍ മത്സരങ്ങളും‘ തന്നെയാണ്... അതിന്‌ ആ കോളേജില്‍ തന്നെ പഠിക്കണമെന്നില്ല... ആ സമയം, ആ ആള്‍ക്കാര്‍, ആ കാര്യങ്ങള്‍... കുറുമാന്‍ ഒക്കെ മാസ്റ്റര്‍ ആയ അനുഭവങ്ങള്‍ - അതു തന്നെ...
സ്വാര്‍ത്ഥന്‍ പണ്ടു ചോദിച്ച പോലെ ‘ക്യാമ്പസ് ഒരു സങ്കല്പം മാത്രമല്ലേ?‘

മുല്ലപ്പൂ, നന്ദി... ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം... ബോറന്‍ ദിവസങ്ങളില്‍ ഞാനും പോകാറുണ്ട് കോളേജില്‍, ഇടയ്ക്കിടെ..

ശനിയാ,
ഒരു സൈക്കിള്‍ പോകാനുള്ള വഴി കിട്ടിയാല്‍ അതില്‍ക്കൂടെ മിലിട്ടറി ട്രക്ക് ഓടിക്കണം കേട്ടാ... :)

ഇതു മാതിരീത്തെ ഒന്നു രണ്ടു ഫ്രെണ്ട്സ് ഉണ്ടെങ്കില്‍ പിന്നെ എന്മീസ് എന്തിനാ‍ാ‍ാ‍ാ‍ാ

June 21, 2006 8:17 PM  
Blogger പാപ്പാന്‍‌/mahout said...

(ആദിത്യാ, വഴീടെ ഇടവും വലവും ഒന്നു മാറ്റിയായിരുന്നോ? ആദ്യം ഞാന്‍ വായിച്ചതുപോലെയല്ല ഇപ്പോള്‍ എന്നു എനിക്കു തോന്നണതാണോ?)

ഉമേഷേ, റോഡിന്റെ മറുവസത്തെ ഒരു റെസ്റ്റാറന്റ് Mohan's Cofee House (MCH). ഞാന്‍ ബീഫ് തിന്നുതുടങ്ങിയത് അവിടെനിന്നായിരുന്നു. നിറയെ ഉള്ളിയൊക്കെയിട്ട് ഉണ്ടാക്കുന്ന ബീഫ് ഫ്രൈ കണ്ട് കണ്ട് സഹിക്കാതെ ഒരു ദിവസം ഞാനും ഓര്‍‌ഡര്‍‌ ചെയ്തു. അവിടുന്നങ്ങോട്ട് എന്റെ ജൈത്രയാത്രയായിരുന്നു, മൂന്നുമാസങ്ങള്‍‌ക്കുശേഷം പട്ടികളെ കൊന്ന് ബീഫ് ഫ്രൈ ആക്കിയ കുറ്റത്തിന്‍ health dept കാരു വന്ന് MCH അടപ്പിക്കുന്നതു വരെ.

അമ്പലത്തിനടുത്തുള്ള നാടാരുടെ ഹോട്ടലും, നാടാര്‍‌ക്കു ബദലായി നാടരെപ്പോലെ തന്നെ low-price സംഭവമായിത്തുടങ്ങിയതുമൂലം കാടാര്‍ എന്നു പേരു വീണ മഹാന്റെ ഹോട്ടലും, അതിനും ബദലായിത്തുടങ്ങി “കൂടാര്‍” എന്നു പേരു വീണ മൂന്നാമതൊരാളുടെ ഹോട്ടലും എല്ലാം ഓര്‍‌മ്മവരുന്നു. ലോര്‍‌ഡ്സിലൊന്നും ഇരുന്നു കഴിക്കാന്‍ അന്നത്തെക്കാലത്ത് കാശുണ്ടായിരുന്നില്ല എന്ന ദു:ഖസത്യവും...

June 21, 2006 9:30 PM  
Blogger Adithyan said...

പാപ്പാനേ വഴി ഞാന്‍ മാറ്റി.. :) ഇട്ടപ്പോ തിരിഞ്ഞു പോയി... ;)

ഈ പറഞ്ഞ പട്ടിക്കഥകള്‍ കേട്ടിട്ടുണ്ട്‌... ഞങ്ങടെ കാലത്ത് മാത-യും പിന്നെ ഒരു MSN-ഉമാരുന്നു... നാടാരൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ലോര്‍ഡ്സ് ഞങ്ങടെ ഒരു സ്തിരം സങ്കേതമായിരുന്നു.... അതു അന്നും ഉണ്ടായിരുന്നല്ലേ...

June 21, 2006 9:37 PM  
Blogger പാപ്പാന്‍‌/mahout said...

ഞാന്‍ S4-ല്‍ പഠിക്കുമ്പോഴാണ്‍ ലോര്‍‌ഡ്‌സ് തുടങ്ങിയത് എന്നാണെന്റെ ഓര്‍‌മ്മ. സിവിലിലെ ഒരു വനിതാപ്രൊഫസ്സര്‍ ആയിരുന്നു അതിന്റെ ഉടമ (അവരുടെ പേര്‍ ഓര്‍‌ക്കുന്നില്ല)

1990-ല്‍ മാതയാണു നാടാര്‍, നാടാരാണു മാത. നിങ്ങളു പഠിക്കുമ്പോളത്തെ കാര്യം എനിക്കറിയില്ല.

3 കൊല്ലം മുമ്പ് ഞാന്‍ ആ വഴി പോയപ്പോള്‍ കണ്ടിരുന്നു അമ്പാടിയും MCH-ഉം ഒന്നും ഇപ്പോള്‍ ഇല്ല എന്ന്.

(അമ്പാടി MCH-ന്റെ competitor. യഥാര്‍‌ത്ഥ മാടുകളുടെ ഇറച്ചികൊണ്ട് ബീഫ് ഫ്രൈ ഉണ്ടാക്കിയിരുന്നവര്‍. ഒരു പ്രശ്നം മാത്രം. സപ്ലയര്‍ രാജന്‍ വെള്ളം കൊണ്ടുവരുമ്പോള്‍ മിനിമം ഒരു വിരലെങ്കിലും വെള്ളത്തിലായിരിക്കും. വെള്ളത്തിലല്ലാത്ത സമയത്ത് വിരലുകള്‍ എവിടെയാണെന്നു ആര്‍ക്കും കൃത്യമായി അറിയാനും പാടില്ല.)

June 21, 2006 9:48 PM  
Anonymous Anonymous said...

എല്ലാവര്‍ക്കും കാമ്പസുകള്‍ എന്നും ഗ്ര്ഹാതുരമായ ഓര്‍മകള്‍ തന്നെ.
എല്ലായിടത്തും ഉള്ളതു പോലെ ഞങ്ങള്‍ക്ക് സമരം, പ്രതിഷേധം, അടിയാസൂത്രണം തുദങ്ങിയവക്ക് പാലമരച്ചുവടായിരുന്നു വേദി. അക്കേഷ്യക്കാടുകള്‍ക്ക് പകരം മട്ടിക്കാടും.
സൊറ പറഞ്ഞിരുന്ന ‘ബീച്ചും’, ലേഡീഹോസ്റ്റലിലേക്കുള്ള വഴിയും, ഓള്‍ഡ് യൂറിനലും, പിന്നെ ഞങ്ങളുടെ സ്വന്തം നിളയും..
....

നന്ദികള്‍ പറഞ്ഞു വില കളയുന്നില്ല.

ഷരീഫ്

June 21, 2006 10:40 PM  
Blogger ദില്‍ബാസുരന്‍ said...

ഇവിടാരും താമസമില്ലേ ഇപ്പോള്‍? ഇതൊന്ന് പുനരുദ്ധരിക്കുവിന്‍.... പ്ലീസ്

(കാമ്പസ് കഥകള്‍ക്ക് ക്ഷാമമില്ല എന്ന് പറഞ്ഞ ആദി എവിടെ?)

August 17, 2006 4:34 AM  
Anonymous Anonymous said...

Karthavee.. ithentee CET allee.. Lived 4 years at MH. Water strike ethra nadathiyirikkunnuu.. "tada tta datta ttattaa ttaa.. eeyaa uuvvaa MH.." Election nte timeil ethra political parties - AIDS (Association of Industrial and Democratic Students), EBOLA (Engineering Bachelors Of...), SOMAN, NIRVANA.. ha ha ha.. Poochakkuzhiyum, raathri karikkuu parikkalum, LH chattavum.. ho oru time machine kittiyarunnenkil.. :D

January 11, 2008 2:08 PM  

Post a Comment

Links to this post:

Create a Link

<< Home