Tuesday, April 03, 2007

ക്രിക്കറ്റ്‌

സ്ഥലം : വിക്റ്റോറിയ കോളേജ്‌ ഗ്രൌണ്ട്‌.

കളി ഞങ്ങള്‍ (എന്‍.എസ്‌.എസ്‌.എഞ്ചി) പാരമ്പര്യവൈരികളായ ആതിഥേയരുമായിട്ട്‌.

ക്രിക്കറ്റ്‌, പപ്പടം, സാമ്പാര്‍ ഇതില്‍ മൂന്നില്‍ ഏതെങ്കിലും വാക്ക്‌ കേട്ടാല്‍ കുളത്തില്‍ ചാടാന്‍ തയ്യാറായി നടക്കുന്ന കല്‍പ്പാത്തിക്കാരുടെ ടീമാണ്‌ അന്ന് വിക്റ്റോറിയ. മുടിചൂടാമന്നന്‍മാര്‍. പാരമ്പര്യവൈരികള്‍ എന്ന് ഞങ്ങള്‍ അവരെ കണക്കാക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക്‌ ഞങ്ങള്‍ അപ്പൂപ്പന്‍ താടികള്‍. സ്ഥിരം ചവിട്ടിക്കൂട്ടി വിടും.

പക്ഷേ ഇത്തവണ ഞങ്ങടെ റ്റീം ശക്തമായിരുന്നു. വിക്റ്റോറിയയില്‍ നിന്ന് തന്നെ വന്ന, അവരില്‍ ഓരോരുത്തരുടേയും ശക്തിദൌര്‍ബല്യങ്ങള്‍ നല്ലോണം അറിയുന്ന കല്‍പ്പാത്തിക്കാരന്‍ മനോജ്‌ ആയിരുന്നു ഞങ്ങടെ തുരുപ്പ്‌ ചീട്ട്‌. പയ്യന്‍ തകര്‍പ്പന്‍ ബാറ്റ്‌സ്‌മാനും ആണ്‌. അവനെക്കൂടാതെ ഒന്ന് രണ്ട്‌ കോയമ്പത്തൂര്‍കാര്‍ പിള്ളേര്‍ കൂടി ചേര്‍ന്നതോടെ ഞങ്ങള്‍ക്ക്‌ എന്നുമില്ലാത്തൊരു ആത്മവിശ്വാസമായിരുന്നു.

ടോസ്സ്‌ കിട്ടി, ഞങ്ങള്‍ തന്നെ ബാറ്റ്‌ ചെയ്തു. മനോജ്‌ നന്നായിത്തന്നെ കളിച്ച്‌ 47 റണ്‍ എടുത്തു. മറ്റുള്ളവരും ഭേദപ്പെട്ട ബാറ്റിംഗ്‌ കാഴ്ച വെച്ചതോടെ 25 ഓവറില്‍ 163 എന്ന തരക്കേടില്ലാത്ത സ്കോറില്‍ എത്തി ഞങ്ങള്‍. വിജയ പ്രതീക്ഷകള്‍ വാനോളം. വിക്റ്റോറിയയെ അവരുടെ ഗ്രൌണ്ടില്‍, അവരുടെ കൊച്ചുങ്ങള്‍ക്ക്‌ മുന്നില്‍ വെച്ച്‌ തോല്‍പ്പിക്കുക!! ഹോ!! എല്ലാവര്‍ക്കും രോമാഞ്ചം!!

മറുപടി ബാറ്റിംഗ്‌ തുടങ്ങിയപ്പോള്‍ ആദ്യം അവര്‍ അടിച്ചു കയറുകയായിരുന്നു. എന്നാലും മധ്യനിരയെ ഞങ്ങടെ സ്പിന്നര്‍മാരായ രമേശനും പ്രമോദും ചേര്‍ന്ന് ശരിക്കും കുരുക്കിയിട്ടു. അധികം വിക്കറ്റ്‌ ഒന്നും വീഴ്ത്തിയില്ലെങ്കിലും സ്കോറിംഗ്‌ നിരക്ക്‌ ചുരുക്കി അവരെ സമ്മര്‍ദ്ദത്തിലാക്കി ഞങ്ങള്‍. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്റ്റോറിയ 114-3. 5 ഓവറില്‍ കൃത്യം 50 റണ്‍സ്‌ വേണം.

ക്യാപ്റ്റനും മെയിന്‍ സീമറുമായ മന്തന്‍ വിനോദിന്‌ 2 ഓവര്‍ ഉണ്ട്‌. രമേശനും പ്രമോദിനും ഓരോ ഓവര്‍. ബാക്കി 1 ഓവര്‍ കൃഷ്ണപ്രസാദ്‌ എന്ന സീമറേക്കൊണ്ട്‌ ചെയ്യിക്കാം എന്ന് തീരുമാനമായി.

ഓവര്‍ 21 രമേശന്‍ ചെയ്തു. 14 റണ്‍സ്‌ പോയി.ഇനി 4 ഓവറില്‍ 36 റണ്‍സ്‌.

ഒന്ന് വിരണ്ട മന്തന്‍ പറഞ്ഞു. ഈ ഓവര്‍ ഞാനിടാം.

ഓവര്‍ 22 - വിനോദ്‌ ശരിക്കും അവസരത്തിനൊത്തുയര്‍ന്നു. കൊടുത്തത്‌ 5 റണ്‍സ്‌. രണ്ട്‌ വിക്കറ്റും കിട്ടി.വിക്ടോറിയ 22 ഓവറില്‍ 5 വിക്കറ്റിന്‌ 133.

3 ഓവറില്‍ 31 റണ്‍സ്‌ വേണം.

പുതിയ ബാറ്റ്‌സ്‌മാന്‍മാരായതു കാരണം ഫാസ്റ്റ്‌ ബൌളര്‍ തന്നെയാവട്ടെ എന്ന് തീരുമാനിച്ചു. കൃഷ്ണപ്രസാദ്‌ ബൌള്‍ ചെയ്യാന്‍ വന്നു.

ഓവര്‍ 23 - 12 റണ്‍സ്‌.

ബാക്കിയുള്ളത്‌ 2 ഓവര്‍ - വേണ്ടത്‌ 19 റണ്‍സ്‌.

മന്തന്റെ നെഞ്ച്‌ കാളിത്തുടങ്ങി. എടാ ഞാന്‍ ഒരു റിസ്‌ക്‌ എടുക്കാന്‍ പോകുന്നു. ഈ ഓവര്‍ ഞാന്‍ എറിയാം. അധികം റണ്‍സ്‌ പോയില്ലെങ്കില്‍ പ്രമോദിന്‌ പ്രഷര്‍ ഇല്ലാതെ അവസാന ഓവര്‍ ബൌള്‍ ചെയ്യാമല്ലോ.

ഓവര്‍ 24.

മന്തന്റെ ആദ്യത്തെ ബാള്‍ ഡോട്ട്‌.
രണ്ടാമത്തെ ബോളില്‍ വിഘ്നേഷ്‌ ഒരു സിംഗിള്‍ എടുത്തു.
മൂന്നാമത്തെ ബോളില്‍ രണ്ട്‌ റണ്‍സ്‌.
നാലാമത്തെ ബോള്‍ മന്തന്‍ ലൂസ്‌ ആക്കി. കിട്ടിയ ചാന്‍സ്‌ മുതലാക്കി റോബിന്‍. നാലു റണ്‍സ്‌.

കളി കൈവിട്ടു തുടങ്ങി എന്ന് ഞങ്ങള്‍ക്ക്‌ ബോധ്യമായി. 8 ബോളില്‍ 12 റണ്‍സ്‌ മതി.ലോംഗ്‌ലെഗില്‍ നില്‍ക്കുകയായിരുന്ന മനോജ്‌ കൈ ഉയര്‍ത്തി വീശുന്നത്‌ അപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടത്‌. അവനെന്തോ പറയാനുണ്ട്‌.ആ അവസ്ഥയില്‍ വിക്റ്റോറിയ ഗ്രൌണ്ടിന്‌ നടുവിലെ മരത്തിനോട്‌ പോലും ഉപദേശം വാങ്ങാന്‍ തയ്യാറായിരുന്ന മന്തന്‍ അവനെ വിളിച്ചു.

എന്താ മനോജേ?

"റോബിന്‌ ഗള്ളിയിലും ലെഗ്‌സ്ലിപ്പിലും നല്ല രണ്ട്‌ ഫീല്‍ഡര്‍മാരെ നിര്‍ത്തി ഷോര്‍ട്ട്‌ ആയി എറിയ്‌ വിനോദേ"

അതു തന്നെ ചെയ്തു അവന്‍. അഞ്ചാമത്തെ ബോളിന്‌ റോബിന്‍ ബാക്‍ഫുട്ടില്‍ ഹുക്ക്‌ ചെയ്യാന്‍ നോക്കി. ബാറ്റില്‍ മുട്ടി-മുട്ടിയില്ല എന്ന രീതിയില്‍ വിക്കറ്റ്‌ കീപ്പറുടെ കയ്യില്‍.

7 ബോളില്‍ 12 റണ്‍സ്‌.

മന്തന്‍ അവസാനത്തെ പന്ത്‌ എറിഞ്ഞു. അതേ പാറ്റേണില്‍ത്തന്നെ. ഒരിക്കല്‍കൂടി റോബിന്‍ ഹുക്ക്‌ ചെയ്തു. ഇത്തവണ കൃത്യം ടോപ്പ്‌ എഡ്‌ജ്‌. ലെഗ്‌സ്ലിപ്പില്‍ കാത്തു നിന്ന ഫീല്‍ഡറുടെ വായില്‍ത്തന്നെ.

പോയ ധൈര്യം എല്ലാവര്‍ക്കും തിരിച്ചു കിട്ടി. അവസാനത്തെ ഓവറില്‍ 12 റണ്‍സ്‌ വേണം. പുതിയ ബാറ്റ്‌സ്‌മാന്‍ ആണ്‌ വരുന്നതും. പ്രമോദ്‌ ആണെങ്കില്‍ അവന്റെ നാല്‌ ഒവറില്‍ ആകെ കൊടുത്തത്‌ 12 റണ്‍സും.

ആറടി ഉയരവും അതിനൊത്ത വണ്ണവുമുള്ള കൃഷ്ണകുമാര്‍ ആണ്‌ വിക്റ്റോറിയയുടെ അടുത്ത ബാറ്റ്‌സ്മാന്‍. ആള്‍ നോണ്‍-സ്ട്രൈക്കിംഗ്‌ എന്‍ഡില്‍.

വിഘ്‌നേശ്‌ ഫേസ്‌ ചെയ്യാന്‍ തയ്യാറായി.പ്രമോദിന്റെ ആദ്യത്തെ ബാള്‍ ലെഗില്‍ കുത്തി തിരിഞ്ഞു വന്നു. വിഘ്നേഷ്‌ തള്ളാന്‍ നോക്കിയെങ്കിലും പറ്റിയില്ല. 5 ബോള്‍ 12 റണ്‍സ്‌.

അടുത്ത ബോള്‍ ഫുള്‍ലെംഗ്‌ത്‌ ആയിരുന്നു. വിഘ്നേശ്‌ എളുപ്പത്തില്‍ അത്‌ ലോങ്ങ്‌ ഓഫില്‍ അടിച്ച്‌ സിംഗിള്‍ എടുത്തു.4 ബോള്‍ 11 റണ്‍സ്‌.

ലോംഗ്‌ ഓഫില്‍ നിന്ന് പന്തും കൊണ്ട്‌ മനോജ്‌ ഓടി വന്ന് പ്രമോദിനോട്‌ പറഞ്ഞു. ഇവന്‍ ലെഗ്‌ സൈഡില്‍ ഭയങ്കര വീക്കാ കേട്ടോ.

ലെഗ്‌സ്പിന്നര്‍ ആയ പ്രമോദിന്‌ സന്തോഷം. അവനവന്റെ നേച്ചറല്‍ ലൈനില്‍ പന്തെറിഞ്ഞാല്‍ മതിയല്ലോ. വിനോദിനും അതേ അഭിപ്രായം.

പ്രമോദ്‌ ലെഗ്‌സ്റ്റംപിന്‌ അല്‍പ്പം പുറത്തെറിഞ്ഞ്‌ പന്ത്‌ കുത്തിത്തിരിച്ചു.

ഡിഷ്യൂ.. ഒരു മൂളല്‍.. പന്ത്‌ മിഡ്‌വിക്കറ്റ്‌ ബൌണ്ടറി കടന്നു. 4 റണ്‍സ്‌.

3 ബോളില്‍ 7 റണ്‍സ്‌ വേണം.പ്രമോദേ.. ഒന്നു കൂടി വൈഡ്‌ എറിഞ്ഞ്‌ തിരിപ്പിക്കടാ. വിനോദിന്റെ ഉപദേശം.

പ്രമോദ്‌ അക്ഷരം പ്രതി പാലിച്ചു.കൃഷ്ണകുമാര്‍ ഒന്ന് മുട്ടിലിരുന്ന് എണീറ്റപ്പോള്‍ സ്ക്വയര്‍ ലെഗ്‌ ബൌണ്ടറിക്കപ്പുറത്തു നിന്ന് ആരോ ബോള്‍ തെരഞ്ഞെടുത്ത്‌ കൊണ്ടു വന്നു. വിക്റ്റോറിയ 163.

ഇനി ആകെ വേണ്ടത്‌ 2 ബോളില്‍ 1 റണ്‍സ്‌.

വട്ടുപിടിച്ച പോലെ ആയ വിനോദ്‌ മനോജിനെ തെറി വിളിച്ചു.

" @#$%, നീ പറഞ്ഞിട്ടല്ലേടാ അവന്‍ ലെഗില്‍ എറിഞ്ഞത്‌"

മനോജ്‌ : " അവന്‍ ലെഗില്‍ ഭയങ്കര വീക്കാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ. എന്നിട്ടും ലെഗില്‍ത്തന്നെ ഇട്ടു കൊടുത്താല്‍ അവന്‍ വീക്കാതിരിക്കുമോ?"

കല്‍പ്പാത്തിക്കാരന്‍ പട്ടര്‍ മനോജ്‌, നാലു മാസത്തെ സഹപാഠികളുടെ സഹവാസത്തില്‍ കൊല്ലം-കോട്ടയം സ്റ്റൈലില്‍ വീക്ക്‌ എന്ന് പറയുമെന്ന് പാവം വിനോദോ പ്രമോദോ വിചാരിച്ചിരുന്നില്ല.

26 Comments:

Blogger കണ്ണൂസ്‌ said...

ഇടിയുടെ പോസ്റ്റ്‌ ഓര്‍മ്മിപ്പിച്ചത്‌.

April 03, 2007 1:25 AM  
Blogger RR said...

കൊള്ളാം.. എന്നിട്ടു കളി തോറ്റൊ അതോ ടൈ ആയൊ? ;)

April 03, 2007 1:32 AM  
Blogger ശ്രീജിത്ത്‌ കെ said...

ഉഗ്രന്‍ ക്ലൈമാക്സ്. വീക്ക് കലക്കി.

April 03, 2007 1:36 AM  
Blogger ഇടിവാള്‍ said...

ഹഹ.. അതലക്കി!..
എന്റൊരു പോസ്റ്റുകൊണ്ടി ഇങ്ങ്ങനെ ഒരു ഗുണമുണ്ടായല്ലോ‍ാ!!

April 03, 2007 1:37 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ക്ലൈമാക്സ് പറയോ... ലാസ്റ്റ് ബോള്‍ ചെയ്യാന്‍ റണ്ണപ്പെടുക്കുമ്പോള്‍ ടി വിയില്‍ കറന്റ് പോയ പോലായി... ഇത്...

April 03, 2007 1:41 AM  
Blogger തഥാഗതന്‍ said...

അന്ന് നാരായണന്‍ കുട്ടി മേനോനും വിനോദും ചാമിയും ടീമില്‍ ഉണ്ടായിരുന്നില്ലേ?


qw_er_ty

April 03, 2007 1:46 AM  
Blogger തഥാഗതന്‍ said...

ക്രിക്കറ്റ്,പപ്പടം സാമ്പാര്‍ എന്നല്ല
അക്കൌണ്ടന്‍സി,ക്രിക്കറ്റ്,സാമ്പാര്‍

എന്നാണ്

qw_er_ty

April 03, 2007 1:49 AM  
Blogger അരവിന്ദ് :: aravind said...

തകര്‍പ്പന്‍!!!!!
ചിരിച്ചു തള്ളി!

(ലെഗ്‌സൈഡില്‍ വീക്കായ ഇന്ത്യക്കാരുണ്ടോ കണ്ണൂസ്‌ജീ ?)

April 03, 2007 1:56 AM  
Blogger ദില്‍ബാസുരന്‍ said...

ഹ ഹ ഹ....

അരവിന്ദേട്ടന്റെ ചോദ്യമാണ് ചോദ്യം.

ലെഗ് സൈഡില്‍ ഏത് മന്തന്‍ ഇന്ത്യക്കാരനും കളിക്കും. ബ്രെറ്റ് ലീയോ വോണോ മുരളിയോ ബോണ്ടോ അക്തറോ എറിഞ്ഞാലും ഈ ഞാന്‍ പോലും ഫോര്‍ അടിച്ചിരിക്കും അത് ലെഗ്ഗിലാണെങ്കില്‍. (തന്നെ.. സത്യം)

word Verication: edmyyrak

ചീത്ത വിളി പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്...ഹൌ.. :-)

April 03, 2007 2:11 AM  
Blogger വിശാല മനസ്കന്‍ said...

ഇത് സൂപ്പര്‍ഡ്യ്യൂപ്പര്‍ പോസ്റ്റ്!!!!!!!!!
മാര്‍വലസ്സ്!! അലക്കിപ്പൊളിച്ചു.

ക്രിക്കറ്റോര്‍‍മ്മകള്‍ പുതുമഴക്ക് ഈയാമ്പാറ്റകള്‍ മണ്ണില്‍ നിന്ന് വരുമ്പോലെ പൊങ്ങി വരുന്നു.

എല്ലാവരും പറ. നോക്കട്ടെ. നമ്മുടെ ഓര്‍മ്മ ഈച്ചയാണെങ്കില്‍ വെറുതെ ചമ്മണ്ടല്ലോ!

April 03, 2007 2:14 AM  
Blogger വിശാല മനസ്കന്‍ said...

"ബ്രെറ്റ് ലീയോ വോണോ മുരളിയോ ബോണ്ടോ അക്തറോ എറിഞ്ഞാലും ഈ ഞാന്‍ പോലും ഫോര്‍ അടിച്ചിരിക്കും അത് ലെഗ്ഗിലാണെങ്കില്‍. (തന്നെ.. സത്യം)"

ആരെങ്കിലും കുറയുമോ ദില്‍ബാ..മിനിമം ബോണ്ടിനെ യെങ്കിലും...

ഇന്നലെ ബോണ്ടെറിഞ്ഞ 60 ബോളില്‍ ബംഗാളീസ് ആകെ‍ രണ്ടോ മൂന്നോ മാത്രെ കണ്ടുള്ളൂ എന്നാ പറഞ്ഞത്.

വെറുതെ എറിയണ പോലെ കാണിച്ചപ്പോഴും ഫ്രന്റ് ഫുട്ടില്‍ സിക്സടിക്കാന്‍ വീശി ത്രേ!!

verifictn: dmmrra
--
അരവിന്ദാ.....!!!

April 03, 2007 2:23 AM  
Blogger SAJAN | സാജന്‍ said...

കളി എന്തായെന്നു പറയേണ്ടതില്ലല്ലോ അല്ലേ.. അല്ല എന്നാലും റണ്‍സ് ഒക്കെ ഈ ബോള്‍ ബൈ ബോളായി ഓര്‍ത്തു വയ്ക്കുന്നണ്ടല്ലൊ..
സത്യാണോ.. ഇതെല്ലാം.. എന്തായാലും കലക്കി പ്പൊളിച്ചു:)

April 03, 2007 2:28 AM  
Blogger Siju | സിജു said...

ഇതെന്താ ക്രിക്കറ്റ് കമന്ററിയാണോന്നു കരുതി വന്നപ്പോ ക്ലൈമാക്സ് കലക്കി

April 03, 2007 2:30 AM  
Blogger പടിപ്പുര said...

ഒരു നെക്ക്‌ ടു നെക്ക്‌ കളി കണ്ടതു പോലെയായിരുന്നു വായന.

(നല്ല ക്ലൈമാക്സ്‌)

April 03, 2007 2:37 AM  
Blogger സ്വാര്‍ത്ഥന്‍ said...

ക്രിക്കറ്റ് വെറുത്തിരിക്കുകയായിരുന്നു!
ഇതൊരു അടിപൊളി വീക്കായി :)

കാമ്പസ് മിററിനും ഒരു ജീവന്‍ വച്ചു!

April 03, 2007 3:08 AM  
Blogger ikkaas|ഇക്കാസ് said...

ഹഹഹഹ ലെഗ്ഗിലെ വീക്ക് കലക്കി.
ആനന്ദാശ്രുക്കള്‍ ;)

April 03, 2007 3:18 AM  
Blogger തമനു said...

ഹഹഹഹ...

വീക്ക് പോസ്റ്റായിപ്പോയി മാഷേ വീക്കായിപ്പോയി ... എന്നാ വീക്ക്‌ ....

ചിരിച്ചു ചിരിച്ചു ഒരു പരുവമായി.

ഇന്നത്തെ വേഡ് വെരി മൊത്തത്തില്‍ കലക്കനാണല്ലോ ...

iiinn‍adi - ഇന്നാടീന്ന്‌...

April 03, 2007 3:31 AM  
Blogger സൂര്യോദയം said...

കണ്ണൂസേ... വിവരണം കെങ്കേമം... ശരിയ്ക്കും ത്രില്‍ അടിച്ചുപോയി. വിശാല്‍ജി ബോണ്ടിനെ ബോളിനെക്കുറിച്ച്‌ പറഞ്ഞത്‌ വായിച്ച്‌ കമ്പ്യൂട്ടറിനുമുന്നിലിരുന്ന് പൊട്ടിച്ചിരിച്ചുപോയി (വെറുതെ എറിയണ പോലെ കാണിച്ചപ്പോഴും ഫ്രന്റ് ഫുട്ടില്‍ സിക്സടിക്കാന്‍ വീശി ത്രേ!!)
(ജോലിയും ഉടനെ പോകും) :-)

സമാനമായ ഒരു സംഭവം അപ്പന്‍ ലോറി റിവേര്‍സ്‌ എടുക്കുമ്പോള്‍ മകന്‍ പിന്നില്‍ നിന്ന് സൈഡ്‌ പറഞ്ഞുകൊടുത്തതായി കേട്ടിട്ടുണ്ട്‌..

'വരട്ടെ അപ്പാ.. വരട്ടെ അപ്പാ..' എന്ന് മകന്‍ പിന്നില്‍ നിന്ന് വണ്ടി റിവേര്‍സ്‌ വന്നോളാന്‍ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ വണ്ടി മതിലില്‍ കയറാറായപ്പോള്‍ മകന്‍ ഉച്ഛത്തിലും വെപ്രാളത്തിലും 'വരട്ടെ അപ്പ്പാ...... വരട്ടെ......' എന്ന് നിലവിളിച്ചു. അപ്പന്‍ വണ്ടിയുടെ ബാക്ക്‌ കൊണ്ട്‌ മതിലില്‍ ഇടിച്ചു നിര്‍ത്തി.

'ഇങ്ങനാണോടാ #$%@@&* മോനെ സൈഡ്‌ പറയുന്നത്‌' എന്ന അപ്പന്റെ ചോദ്യത്തിന്‌ മോന്റെ ഉത്തരം.. 'ഞാന്‍ അവസാനം പറഞ്ഞ 'വരട്ടെ എന്നത്‌ വണ്ടി റിവേര്‍സ്‌ വരുന്നത്‌ നിര്‍ത്താനാണ്‌'

April 03, 2007 4:13 AM  
Blogger Ambi said...

spjvyഅത്യൂഗ്രനെഴുത്തെന്റെ കണ്ണൂസണ്ണാ..

ഒരു ഓ.ടോ

ഈയിടേ ഒരു ഫോര്‍വേഡ് മെയില്‍ വന്നു..

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ

ക്രിക്കെറ്റ് എന്നു കേക്കുമ്പോഴേ പ്രാന്താകുമായിരുന്ന എന്റെ മൂന്നു മക്കളുടേയു രോഗം മാറ്റിത്തന്നതിന് വിശുദ്ധ ചാപ്പല്‍ശ്ലിഹായ്ക്ക് ഉപകാരസ്മരണ

അച്ചാങ്കണ്ടത്തില്‍ കത്രീന

വീണ്ടും അവന്മാരെ പ്രാന്താക്കാന്‍ ഇങ്ങടെ ഈ പോസ്റ്റ് വായിച്ചാ മതി..സാത്താന്റെ മറിമായങ്ങളേ..:)

April 03, 2007 5:07 AM  
Blogger Kiranz..!! said...

സൂപ്പര്‍ബ് കണ്ണൂസേ..അത്യുഗ്രന്‍ ക്ലൈമാക്സ്..പണ്ട് ജഡേജയും അസറുദ്ദീനും പുറത്തായതിനു ശേഷം ഓരൊ പ്രാവശ്യവും ക്രിക്കറ്റ് ടിവിയില്‍ വരുമ്പോള്‍ വിചാരിക്കും,ഓ കോപ്പ് ഇനി കാണരുതെന്ന്.പക്ഷേ ഇന്നും ടെന്‍ഷന്‍ അടിച്ച് വിരലും തിന്ന്‍ അവസാന കുറ്റിയും പോകുന്നത് വരെ കാണാതിരുന്നാല്‍ ഒരു സമാധാനവും കിട്ടില്ലെന്നുള്ളത് വേറെ കാര്യം.

April 03, 2007 6:43 AM  
Blogger ഉണ്ണിക്കുട്ടന്‍ said...

ശരിയാ ഇനി എന്തൊക്കെ വന്നാലും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നും വായിക്കുകയോ കേള്‍ ക്കുകയോ കാണുകയോ ചെയ്യില്ല എന്നുറപ്പിച്ചതായിരുന്നു ഞാന്.. ഇതു കലക്കി...

April 03, 2007 6:58 AM  
Blogger Radheyan said...

നന്നായി ഈ കമന്ററി.

April 04, 2007 9:56 AM  
Blogger അഗ്രജന്‍ said...

കണ്ണൂസേ... ക്ലൈമാക്സ് തകര്‍ത്തു...!!!

വിവരണവും സൂപ്പര്‍ :)
ഈ കമന്‍റ് വന്ന വഴി - സങ്കുജിതന്‍ - ഇടിവാള്‍ പോസ്റ്റുകള്‍ വഴി :)

April 06, 2007 11:49 PM  
Blogger Anvar said...

Please change the colour .....

Kannu Manajalikkanu.......

April 22, 2007 1:31 AM  
Blogger സന്തോഷ് said...

പാലക്കാട്ടുകാര്‍ക്ക് ഈ ഭാഷാപ്രശ്നം കലശലാണല്ലോ: ദാ ഇവിടെയും ഒന്ന്.

July 26, 2007 4:33 PM  
Blogger malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

November 04, 2008 5:54 PM  

Post a Comment

Links to this post:

Create a Link

<< Home