ക്രിക്കറ്റ്
കളി ഞങ്ങള്‍ (എന്‍.എസ്.എസ്.എഞ്ചി) പാരമ്പര്യവൈരികളായ ആതിഥേയരുമായിട്ട്.
ക്രിക്കറ്റ്, പപ്പടം, സാമ്പാര്‍ ഇതില്‍ മൂന്നില്‍ ഏതെങ്കിലും വാക്ക് കേട്ടാല്‍ കുളത്തില്‍ ചാടാന്‍ തയ്യാറായി നടക്കുന്ന കല്‍പ്പാത്തിക്കാരുടെ ടീമാണ് അന്ന് വിക്റ്റോറിയ. മുടിചൂടാമന്നന്‍മാര്‍. പാരമ്പര്യവൈരികള്‍ എന്ന് ഞങ്ങള്‍ അവരെ കണക്കാക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ഞങ്ങള്‍ അപ്പൂപ്പന്‍ താടികള്‍. സ്ഥിരം ചവിട്ടിക്കൂട്ടി വിടും.
പക്ഷേ ഇത്തവണ ഞങ്ങടെ റ്റീം ശക്തമായിരുന്നു. വിക്റ്റോറിയയില്‍ നിന്ന് തന്നെ വന്ന, അവരില്‍ ഓരോരുത്തരുടേയും ശക്തിദൌര്‍ബല്യങ്ങള്‍ നല്ലോണം അറിയുന്ന കല്‍പ്പാത്തിക്കാരന്‍ മനോജ് ആയിരുന്നു ഞങ്ങടെ തുരുപ്പ് ചീട്ട്. പയ്യന്‍ തകര്‍പ്പന്‍ ബാറ്റ്‌സ്‌മാനും ആണ്. അവനെക്കൂടാതെ ഒന്ന് രണ്ട് കോയമ്പത്തൂര്‍കാര്‍ പിള്ളേര്‍ കൂടി ചേര്‍ന്നതോടെ ഞങ്ങള്‍ക്ക് എന്നുമില്ലാത്തൊരു ആത്മവിശ്വാസമായിരുന്നു.
ടോസ്സ് കിട്ടി, ഞങ്ങള്‍ തന്നെ ബാറ്റ് ചെയ്തു. മനോജ് നന്നായിത്തന്നെ കളിച്ച് 47 റണ്‍ എടുത്തു. മറ്റുള്ളവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച വെച്ചതോടെ 25 ഓവറില്‍ 163 എന്ന തരക്കേടില്ലാത്ത സ്കോറില്‍ എത്തി ഞങ്ങള്‍. വിജയ പ്രതീക്ഷകള്‍ വാനോളം. വിക്റ്റോറിയയെ അവരുടെ ഗ്രൌണ്ടില്‍, അവരുടെ കൊച്ചുങ്ങള്‍ക്ക് മുന്നില്‍ വെച്ച് തോല്‍പ്പിക്കുക!! ഹോ!! എല്ലാവര്‍ക്കും രോമാഞ്ചം!!
മറുപടി ബാറ്റിംഗ് തുടങ്ങിയപ്പോള്‍ ആദ്യം അവര്‍ അടിച്ചു കയറുകയായിരുന്നു. എന്നാലും മധ്യനിരയെ ഞങ്ങടെ സ്പിന്നര്‍മാരായ രമേശനും പ്രമോദും ചേര്‍ന്ന് ശരിക്കും കുരുക്കിയിട്ടു. അധികം വിക്കറ്റ് ഒന്നും വീഴ്ത്തിയില്ലെങ്കിലും സ്കോറിംഗ് നിരക്ക് ചുരുക്കി അവരെ സമ്മര്‍ദ്ദത്തിലാക്കി ഞങ്ങള്‍. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്റ്റോറിയ 114-3. 5 ഓവറില്‍ കൃത്യം 50 റണ്‍സ് വേണം.
ക്യാപ്റ്റനും മെയിന്‍ സീമറുമായ മന്തന്‍ വിനോദിന് 2 ഓവര്‍ ഉണ്ട്. രമേശനും പ്രമോദിനും ഓരോ ഓവര്‍. ബാക്കി 1 ഓവര്‍ കൃഷ്ണപ്രസാദ് എന്ന സീമറേക്കൊണ്ട് ചെയ്യിക്കാം എന്ന് തീരുമാനമായി.
ഓവര്‍ 21 രമേശന്‍ ചെയ്തു. 14 റണ്‍സ് പോയി.ഇനി 4 ഓവറില്‍ 36 റണ്‍സ്.
ഒന്ന് വിരണ്ട മന്തന്‍ പറഞ്ഞു. ഈ ഓവര്‍ ഞാനിടാം.
ഓവര്‍ 22 - വിനോദ് ശരിക്കും അവസരത്തിനൊത്തുയര്‍ന്നു. കൊടുത്തത് 5 റണ്‍സ്. രണ്ട് വിക്കറ്റും കിട്ടി.വിക്ടോറിയ 22 ഓവറില്‍ 5 വിക്കറ്റിന് 133.
3 ഓവറില്‍ 31 റണ്‍സ് വേണം.
പുതിയ ബാറ്റ്‌സ്‌മാന്‍മാരായതു കാരണം ഫാസ്റ്റ് ബൌളര്‍ തന്നെയാവട്ടെ എന്ന് തീരുമാനിച്ചു. കൃഷ്ണപ്രസാദ് ബൌള്‍ ചെയ്യാന്‍ വന്നു.
ഓവര്‍ 23 - 12 റണ്‍സ്.
ബാക്കിയുള്ളത് 2 ഓവര്‍ - വേണ്ടത് 19 റണ്‍സ്.
മന്തന്റെ നെഞ്ച് കാളിത്തുടങ്ങി. എടാ ഞാന്‍ ഒരു റിസ്‌ക് എടുക്കാന്‍ പോകുന്നു. ഈ ഓവര്‍ ഞാന്‍ എറിയാം. അധികം റണ്‍സ് പോയില്ലെങ്കില്‍ പ്രമോദിന് പ്രഷര്‍ ഇല്ലാതെ അവസാന ഓവര്‍ ബൌള്‍ ചെയ്യാമല്ലോ.
ഓവര്‍ 24.
മന്തന്റെ ആദ്യത്തെ ബാള്‍ ഡോട്ട്.
രണ്ടാമത്തെ ബോളില്‍ വിഘ്നേഷ് ഒരു സിംഗിള്‍ എടുത്തു.
മൂന്നാമത്തെ ബോളില്‍ രണ്ട് റണ്‍സ്.
നാലാമത്തെ ബോള്‍ മന്തന്‍ ലൂസ് ആക്കി. കിട്ടിയ ചാന്‍സ് മുതലാക്കി റോബിന്‍. നാലു റണ്‍സ്.
കളി കൈവിട്ടു തുടങ്ങി എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. 8 ബോളില്‍ 12 റണ്‍സ് മതി.ലോംഗ്‌ലെഗില്‍ നില്‍ക്കുകയായിരുന്ന മനോജ് കൈ ഉയര്‍ത്തി വീശുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. അവനെന്തോ പറയാനുണ്ട്.ആ അവസ്ഥയില്‍ വിക്റ്റോറിയ ഗ്രൌണ്ടിന് നടുവിലെ മരത്തിനോട് പോലും ഉപദേശം വാങ്ങാന്‍ തയ്യാറായിരുന്ന മന്തന്‍ അവനെ വിളിച്ചു.
എന്താ മനോജേ?
"റോബിന് ഗള്ളിയിലും ലെഗ്‌സ്ലിപ്പിലും നല്ല രണ്ട് ഫീല്‍ഡര്‍മാരെ നിര്‍ത്തി ഷോര്‍ട്ട് ആയി എറിയ് വിനോദേ"
അതു തന്നെ ചെയ്തു അവന്‍. അഞ്ചാമത്തെ ബോളിന് റോബിന്‍ ബാക്‍ഫുട്ടില്‍ ഹുക്ക് ചെയ്യാന്‍ നോക്കി. ബാറ്റില്‍ മുട്ടി-മുട്ടിയില്ല എന്ന രീതിയില്‍ വിക്കറ്റ് കീപ്പറുടെ കയ്യില്‍.
7 ബോളില്‍ 12 റണ്‍സ്.
മന്തന്‍ അവസാനത്തെ പന്ത് എറിഞ്ഞു. അതേ പാറ്റേണില്‍ത്തന്നെ. ഒരിക്കല്‍കൂടി റോബിന്‍ ഹുക്ക് ചെയ്തു. ഇത്തവണ കൃത്യം ടോപ്പ് എഡ്‌ജ്. ലെഗ്‌സ്ലിപ്പില്‍ കാത്തു നിന്ന ഫീല്‍ഡറുടെ വായില്‍ത്തന്നെ.
പോയ ധൈര്യം എല്ലാവര്‍ക്കും തിരിച്ചു കിട്ടി. അവസാനത്തെ ഓവറില്‍ 12 റണ്‍സ് വേണം. പുതിയ ബാറ്റ്‌സ്‌മാന്‍ ആണ് വരുന്നതും. പ്രമോദ് ആണെങ്കില്‍ അവന്റെ നാല് ഒവറില്‍ ആകെ കൊടുത്തത് 12 റണ്‍സും.
ആറടി ഉയരവും അതിനൊത്ത വണ്ണവുമുള്ള കൃഷ്ണകുമാര്‍ ആണ് വിക്റ്റോറിയയുടെ അടുത്ത ബാറ്റ്‌സ്മാന്‍. ആള്‍ നോണ്‍-സ്ട്രൈക്കിംഗ് എന്‍ഡില്‍.
വിഘ്‌നേശ് ഫേസ് ചെയ്യാന്‍ തയ്യാറായി.പ്രമോദിന്റെ ആദ്യത്തെ ബാള്‍ ലെഗില്‍ കുത്തി തിരിഞ്ഞു വന്നു. വിഘ്നേഷ് തള്ളാന്‍ നോക്കിയെങ്കിലും പറ്റിയില്ല. 5 ബോള്‍ 12 റണ്‍സ്.
അടുത്ത ബോള്‍ ഫുള്‍ലെംഗ്‌ത് ആയിരുന്നു. വിഘ്നേശ് എളുപ്പത്തില്‍ അത് ലോങ്ങ് ഓഫില്‍ അടിച്ച് സിംഗിള്‍ എടുത്തു.4 ബോള്‍ 11 റണ്‍സ്.
ലോംഗ് ഓഫില്‍ നിന്ന് പന്തും കൊണ്ട് മനോജ് ഓടി വന്ന് പ്രമോദിനോട് പറഞ്ഞു. ഇവന്‍ ലെഗ് സൈഡില്‍ ഭയങ്കര വീക്കാ കേട്ടോ.
ലെഗ്‌സ്പിന്നര്‍ ആയ പ്രമോദിന് സന്തോഷം. അവനവന്റെ നേച്ചറല്‍ ലൈനില്‍ പന്തെറിഞ്ഞാല്‍ മതിയല്ലോ. വിനോദിനും അതേ അഭിപ്രായം.
പ്രമോദ് ലെഗ്‌സ്റ്റംപിന് അല്‍പ്പം പുറത്തെറിഞ്ഞ് പന്ത് കുത്തിത്തിരിച്ചു.
ഡിഷ്യൂ.. ഒരു മൂളല്‍.. പന്ത് മിഡ്‌വിക്കറ്റ് ബൌണ്ടറി കടന്നു. 4 റണ്‍സ്.
3 ബോളില്‍ 7 റണ്‍സ് വേണം.പ്രമോദേ.. ഒന്നു കൂടി വൈഡ് എറിഞ്ഞ് തിരിപ്പിക്കടാ. വിനോദിന്റെ ഉപദേശം.
പ്രമോദ് അക്ഷരം പ്രതി പാലിച്ചു.കൃഷ്ണകുമാര്‍ ഒന്ന് മുട്ടിലിരുന്ന് എണീറ്റപ്പോള്‍ സ്ക്വയര്‍ ലെഗ് ബൌണ്ടറിക്കപ്പുറത്തു നിന്ന് ആരോ ബോള്‍ തെരഞ്ഞെടുത്ത് കൊണ്ടു വന്നു. വിക്റ്റോറിയ 163.
ഇനി ആകെ വേണ്ടത് 2 ബോളില്‍ 1 റണ്‍സ്.
വട്ടുപിടിച്ച പോലെ ആയ വിനോദ് മനോജിനെ തെറി വിളിച്ചു.
" @#$%, നീ പറഞ്ഞിട്ടല്ലേടാ അവന്‍ ലെഗില്‍ എറിഞ്ഞത്"
മനോജ് : " അവന്‍ ലെഗില്‍ ഭയങ്കര വീക്കാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ. എന്നിട്ടും ലെഗില്‍ത്തന്നെ ഇട്ടു കൊടുത്താല്‍ അവന്‍ വീക്കാതിരിക്കുമോ?"
കല്‍പ്പാത്തിക്കാരന്‍ പട്ടര്‍ മനോജ്, നാലു മാസത്തെ സഹപാഠികളുടെ സഹവാസത്തില്‍ കൊല്ലം-കോട്ടയം സ്റ്റൈലില്‍ വീക്ക് എന്ന് പറയുമെന്ന് പാവം വിനോദോ പ്രമോദോ വിചാരിച്ചിരുന്നില്ല.